ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. റിയാദിൽ വെച്ച് സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവും കാബിനറ്റ് അംഗവുമായ ഡോ. മുസാദ് ബിൻ മുഹമ്മദ് അൽ ഐബാനുമായി അദ്ദേഹം നിർണ്ണായക ചർച്ചകൾ നടത്തി.(India-Saudi defense cooperation strengthens, Ajit Doval meets Saudi security advisor)
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ നയതന്ത്ര-സുരക്ഷാ പങ്കാളിത്തം പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനെക്കുറിച്ച് നേതാക്കൾ സംസാരിച്ചു. നിലവിലെ സുരക്ഷാ സാഹചര്യങ്ങളും സമാധാനാന്തരീക്ഷം ഉറപ്പാക്കാനുള്ള ക്രിയാത്മകമായ നടപടികളും ചർച്ചയിൽ ഇടംപിടിച്ചു.
പൊതുവായ താല്പര്യമുള്ള ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കാൻ ധാരണയായി. റിയാദിലെത്തിയ അജിത് ഡോവലിനെ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയ കാര്യ വിഭാഗം ഡെപ്യൂട്ടി മിനിസ്റ്റർ ഡോ. സൗദ് അൽ-സാതിയും സൗദിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. സുഹേൽ അജാസ് ഖാനും ചേർന്നാണ് സ്വീകരിച്ചത്.



