ന്യൂഡൽഹി: 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ ഭീകരൻ പാക് അധീന കശ്മീരിൽ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. നിരോധിത ഭീകരസംഘടനയായ ‘അൽ ബദർ’ കമാൻഡർ ഹംസ ബുർഹാൻ ആണ് മുസാഫറാബാദിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. പാകിസ്താനിൽ ഒളിച്ചുതാമസിക്കുന്ന ഇന്ത്യൻ വിരുദ്ധ ഭീകരർ ഒന്നൊന്നായി ‘അജ്ഞാതരാൽ’ വധിക്കപ്പെടുന്ന പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്.(Hamza Burhan Killed, Pulwama Terror Attack Mastermind Hamza Burhan Shot Dead )
കശ്മീരിലെ പുൽവാമ സ്വദേശിയായ ഹംസ ബുർഹാനെ 2022-ൽ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പുൽവാമയിലെ രത്‌നിപോര മേഖലയിലുള്ള ഖർബത്‌പോരയിലാണ് ബുർഹാൻ ജനിച്ചത്. 2017-ൽ ഉപരിപഠനത്തിനെന്ന വ്യാജേനയാണ് ഇയാൾ പാകിസ്താനിലേക്ക് കടന്നത്. എന്നാൽ അവിടെയെത്തിയ ശേഷം അൽ ബദർ എന്ന ഭീകരസംഘടനയിൽ ചേരുകയും ചുരുങ്ങിയ കാലം കൊണ്ട് അതിന്റെ കമാൻഡർ പദവിയിലേക്ക് ഉയരുകയുമായിരുന്നു.
ഇന്ത്യൻ സൈനിക ചരിത്രത്തിലെ തന്നെ ഏറ്റവും ദരുണമായ ഭീകരാക്രമണങ്ങളിലൊന്നായിരുന്നു 2019 ഫെബ്രുവരി 14-ന് പുൽവാമയിലുണ്ടായത്. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആണ് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. പുൽവാമയിലെ ലെത്‌പോരയിൽ വെച്ച് സി.ആർ.പി.എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറഞ്ഞ കാർ ഭീകരൻ ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർക്കാണ് ജീവൻ നഷ്ടമായത്. ഈ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ ബാലാക്കോട്ടിലുള്ള ഭീകരവാദ ക്യാമ്പുകൾക്ക് നേരെ അതിർത്തി കടന്ന് സർജിക്കൽ സ്ട്രൈക്ക് നടത്തിയത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സൈനിക ബന്ധങ്ങളിൽ വലിയ തോതിലുള്ള സംഘർഷങ്ങൾക്ക് കാരണമായിരുന്നു.
Story Summary
Hamza Burhan, alias ‘Doctor’, a designated terrorist and one of the key masterminds behind the deadly 2019 Pulwama terror attack, was shot dead by unidentified gunmen in Muzaffarabad, Pakistan-occupied Kashmir (PoK). Burhan, a commander of the banned terror outfit Al-Badr, was killed in the latest string of mysterious assassinations targeting anti-India terrorists operating from Pakistani soil.

