ചണ്ഡീഗഢ്: പഞ്ചാബിലെ പട്യാലയിൽ റെയിൽവേ പാളത്തിന് സമീപം തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ഉണ്ടായ സ്ഫോടനത്തിൽ ട്രാക്കിന് കേടുപാടുകൾ സംഭവിച്ചു. പ്രധാനമായും ചരക്ക് നീക്കത്തിനായി ഉപയോഗിക്കുന്ന ശംഭു-അംബാല റെയിൽവേ പാതയിലാണ് സ്ഫോടനം നടന്നത്. സംഭവസ്ഥലത്തിന് സമീപത്തുനിന്ന് തിരിച്ചറിയാത്ത വിധം ചിന്നിച്ചിതറിയ ഒരു പുരുഷന്റെ മൃതദേഹം കണ്ടെടുത്തു.(Explosion near Punjab rail track triggers probe, unidentified body found nearby)
സംഭവം നടന്ന ഉടൻ പട്യാല എസ്എസ്പി വരുൺ ശർമ്മയുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘവും റെയിൽവേ സംരക്ഷണ സേനയും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനത്തിൽ പാളത്തിന് നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അതിന്റെ വ്യാപ്തി പരിശോധിച്ചു വരികയാണെന്നും എസ്എസ്പി അറിയിച്ചു. ട്രാക്കിന് സമീപം കണ്ടെത്തിയ മൃതദേഹത്തിന് സ്ഫോടനവുമായി ബന്ധമുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ വ്യക്തത വരൂ എന്നും അധികൃതർ വ്യക്തമാക്കി. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിൽ ഫത്തേഗഡ് സാഹിബ് ജില്ലയിലെ സിർഹിന്ദിലും സമാനമായ രീതിയിൽ സ്ഫോടനം നടന്നിരുന്നു. അന്ന് ട്രെയിൻ എഞ്ചിന് കേടുപാടുകൾ സംഭവിക്കുകയും ലോക്കോ പൈലറ്റിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അട്ടിമറി സാധ്യതയടക്കം പരിശോധിക്കാൻ വിവിധ അന്വേഷണ ഏജൻസികൾ രംഗത്തുണ്ട്. സംഭവത്തിൽ ഭഗവന്ത് മാൻ സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി ശിരോമണി അകാലിദൾ രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിന്റെ തെളിവാണ് റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനമെന്ന് മുതിർന്ന നേതാവ് ബിക്രം സിംഗ് മജിതിയ ആരോപിച്ചു.

