ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലുണ്ടായ ഖനി സ്ഫോടനത്തിൽ 18 തൊഴിലാളികൾ കൊല്ലപ്പെട്ടു. തങ്സ്‌കു മേഖലയിലെ അനധികൃത കൽക്കരി ഖനിയിൽ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. സ്ഫോടനസമയത്ത് എത്രപേർ ഖനിക്കുള്ളിൽ ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ലാത്തതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക.(Explosion in illegal coal mine in Meghalaya that claimed 18 lives, High Court takes suo motu cognizance of case)
അപകടത്തിൽപ്പെട്ടവർക്കായി എൻ.ഡി.ആർ.എഫ് സംഘവും പ്രാദേശിക ഭരണകൂടവും തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റ തൊഴിലാളികളെ ഷില്ലോങ്ങിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിദഗ്ധ സംഘം പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിൽ മേഘാലയ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസുമാരായ എച്ച്.എസ്. തങ്ഖീവ്, ഡബ്ല്യു. ഡിയെങ്ഡോ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഈസ്റ്റ് ജയന്തിയ ഹിൽസ് എസ്.പി, ഡെപ്യൂട്ടി കമ്മീഷണർ എന്നിവർ ഫെബ്രുവരി 9-ന് കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണം.
അനധികൃത ഖനനത്തിന് പിന്നിൽ പ്രവർത്തിച്ച ഖനി ഉടമകളെയും ഓപ്പറേറ്റർമാരെയും ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു. പരിക്കേറ്റവർക്ക് മികച്ച വൈദ്യസഹായം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാരിനോട് നിർദ്ദേശിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലും സുപ്രീം കോടതിയും നിരോധിച്ച ‘റാറ്റ് ഹോൾ’ മാതൃകയിലുള്ള ഖനിയിലാണ് അപകടം നടന്നത്.



