ന്യൂഡൽഹി: ഡൽഹിയിൽ ജഡ്ജി ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയ്ക്കും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത് (Aman Sharma Judge Suicide). രാജസ്ഥാനിലെ അൽവാർ സ്വദേശിയായ അമൻ ശർമ (32) മേയ് രണ്ടിനാണ് ഡൽഹിയിലെ വസതിയിൽ തൂങ്ങിമരിച്ചത്. തന്റെ സാന്നിധ്യത്തിൽ ഭാര്യ പിതാവിനെ അപമാനിച്ചതിൽ അമൻ അതീവ ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
മരിക്കുന്നതിന് തൊട്ടുമുമ്പ് മുറിക്കുള്ളിൽ വെച്ച് ഭാര്യയുമായി തർക്കമുണ്ടായിരുന്നു. ഈ സമയത്ത് അമന്റെ സാന്നിധ്യത്തിൽ ഭാര്യ പിതാവിനെ അപമാനിച്ചതാണ് അദ്ദേഹത്തെ മാനസികമായി തളർത്തിയത്. ജമ്മുവിൽ ഐഎഎസ് ഉദ്യോഗസ്ഥയായ സഹോദരഭാര്യ, അമന്റെ ഭാര്യയെ നിരന്തരം പ്രകോപിപ്പിക്കുകയും കുടുംബപ്രശ്‌നങ്ങൾ വഷളാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അമൻ പിതാവിനെ വിളിച്ച് ഇത് തന്റെ ‘അവസാനത്തെ കോൾ’ ആണെന്നും ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചിരുന്നു. ഇതുകേട്ട് പിതാവ് ഉടൻ ഡൽഹിയിലെത്തിയെങ്കിലും അമന്റെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ അമന്റെ ഭാര്യ രണ്ട് കുട്ടികളുമായി വീട്ടിൽ നിന്നും പോയി. സംസ്‌കാര ചടങ്ങുകളിൽ ഭാര്യവീട്ടുകാർ ആരും പങ്കെടുത്തില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടി.
2021-ലാണ് അമൻ ജഡ്ജിയായി നിയമിതനായത്. നീതി നടപ്പിലാക്കേണ്ട ഒരാൾക്ക് പോലും ഇത്തരമൊരു ഗതി വന്നത് ഞെട്ടിക്കുന്നതാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. അൽവാറിലെ വീട്ടിലെത്തി വിവിധ സംസ്ഥാനങ്ങളിലെ മുതിർന്ന ജഡ്ജിമാർ അമന് അന്തിമോപചാരം അർപ്പിച്ചു.
Story Summary: A Delhi judge, Aman Sharma, committed suicide following alleged mental harassment and humiliation of his father by his wife. His family has called for a fair investigation, claiming that ongoing domestic disputes and provocation from relatives led to the tragic step.

