ന്യൂഡൽഹി: ഡൽഹിയിലെ അതിസമ്പന്ന മേഖലയായ ഗോൾഫ് ലിങ്ക്സിൽ മദ്യവ്യവസായിയെയും കുടുംബത്തെയും വീട്ടുജോലിക്കാരനും കൂട്ടാളികളും ചേർന്ന് ബന്ദിയാക്കി 25 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നു (Delhi Golf Links Robbery). മദ്യകമ്പനി ഉടമയായ അശോക് ചൗളയുടെ വീട്ടിലാണ് സിനിമാ സ്റ്റൈൽ കവർച്ച നടന്നത്. വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ആറംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറിയത്. അശോക് ചൗളയും ഭാര്യയും മരുമകളും കുട്ടിയും വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. ഇവരെ തോക്കിൻമുനയിൽ ബന്ദിയാക്കിയ ശേഷമാണ് പ്രതികൾ ആഭരണങ്ങൾ കൈക്കലാക്കിയത്.
വീട്ടിലെ ജോലിക്കാരനായ സുശീൽ ആണ് കവർച്ചയുടെ മുഖ്യ സൂത്രധാരനെന്ന് പോലീസ് സംശയിക്കുന്നു. ഇയാളാണ് മറ്റ് പ്രതികൾക്ക് വീടിനുള്ളിലേക്ക് കടക്കാൻ സൗകര്യം ചെയ്തുകൊടുത്തത്. വീടിന്റെ രൂപരേഖയെക്കുറിച്ചും വിലപിടിപ്പുള്ള വസ്തുക്കൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പ്രതികൾക്ക് നേരത്തെ അറിവുണ്ടായിരുന്നു. കൃത്യമായ പ്ലാനിംഗോടെയാണ് പ്രതികൾ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ജനത്തിരക്ക് കുറയുന്നതുവരെ വീടിന് പുറത്ത് കാത്തുനിന്ന ശേഷമാണ് സംഘം അകത്തേക്ക് കടന്നത്.
കുടുംബാംഗങ്ങൾക്ക് ശാരീരികമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തിൽ കേസെടുത്ത പോലീസ് ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ അയൽ സംസ്ഥാനങ്ങളിലെ പോലീസിനും കൈമാറി.
Summary: A liquor businessman’s family in Delhi’s upscale Golf Links was held hostage by their domestic help, Sushil, and his five accomplices, who fled with jewellery worth Rs 25 lakh. The incident occurred on Thursday evening when Ashok Chawla’s elderly parents, daughter-in-law, and a child were home. The intruders confined and threatened the family while looting valuables. Police believe the robbery was pre-planned, as CCTV footage showed the suspects coordinating their entry. While the family remained physically unharmed, several police teams are now conducting raids in Haryana and Uttar Pradesh to nab the suspects.

