കർണാടക: കർണാടകയിലെ ദാവൺഗരെയിൽ വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുൻപേ യുവതി കാമുകനോടൊപ്പം ഒളിച്ചോടിയതിനെത്തുടർന്ന് ഭർത്താവും വിവാഹത്തിന് ഇടനിലക്കാരനായി നിന്ന ബന്ധുവും ആത്മഹത്യ ചെയ്തു (Davangere Suicide Case). ഹരീഷ് (30) എന്ന യുവാവാണ് ഭാര്യ സരസ്വതിയുടെ ചതിയിൽ മനംനൊന്ത് ജീവനൊടുക്കിയത്. ഹരീഷിന്റെ മരണവാർത്തയറിഞ്ഞ ആഘാതത്തിൽ സരസ്വതിയുടെ അമ്മാവനും വിവാഹത്തിന് മുൻകൈ എടുക്കുകയും ചെയ്ത രുദ്രേഷ് (36) എന്നയാളും ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി സരസ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 23-നാണ് ക്ഷേത്രത്തിൽ പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ സരസ്വതി കാമുകനായ ശിവകുമാറിനൊപ്പം ഒളിച്ചോടിയത്. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിച്ചോടിയ വിവരം പുറത്തുവന്നത്. സരസ്വതിക്ക് വിവാഹത്തിന് മുൻപേ പ്രണയമുണ്ടായിരുന്നുവെന്നും ഹരീഷിന് ഇക്കാര്യം അറിയാമായിരുന്നു എന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. എന്നാൽ സരസ്വതിയുടെ വീട്ടുകാരെ അനുനയിപ്പിച്ച് ഹരീഷ് വിവാഹത്തിന് സമ്മതിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഉത്തരവാദികളായവരുടെ പേര് സഹിതം ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചാണ് ഹരീഷ് മരിച്ചത്.
ദാവൺഗരെ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം (SC/ST Act) രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസ്.പി ഉമാ പ്രശാന്ത് അറിയിച്ചു. ഇരുപക്ഷത്തുനിന്നും പരാതികൾ ലഭിച്ചതിനെത്തുടർന്ന് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മാനസികമായ തകർച്ചയാണ് രണ്ട് യുവാക്കളെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സരസ്വതി നിലവിൽ ജയിലിലാണ്.
Summary
In a tragic incident in Davangere, Karnataka, a 30-year-old man named Harish and his matchmaker Rudresh committed suicide after Harish’s wife, Saraswati, eloped with her lover just two months after their marriage.



