ന്യൂഡൽഹി: ശാരീരിക ബന്ധത്തിന് ഒരാൾ നൽകുന്ന സമ്മതം, ആ വ്യക്തിയുടെ സ്വകാര്യ നിമിഷങ്ങൾ പകർത്താനുള്ള അനുമതിയല്ലെന്ന് ഡൽഹി ഹൈക്കോടതി. വിവാഹിതയായ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.(Consent to physical intercourse does not mean permission to record footage, Delhi High Court denies bail to accused)
ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മയാണ് കേസിൽ വിധി പറഞ്ഞത്. ഒരാൾ ലൈംഗിക ബന്ധത്തിന് സമ്മതം നൽകുന്നത് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താനുള്ള അനുവാദമായി കാണാനാവില്ല. സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നടത്തുന്ന ലൈംഗിക ബന്ധങ്ങളെ ‘ഉഭയസമ്മതപ്രകാരം’ ഉള്ളതായി കണക്കാക്കാനാവില്ല. വീഡിയോ കാണിച്ച് സമ്മർദ്ദത്തിലാക്കി തുടർച്ചയായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ചൂഷണത്തിന്റെ പരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി.
വിദേശത്തായിരുന്ന പ്രതി, വിവാഹിതയായ പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിക്കുകയും വീഡിയോ കോളിലൂടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് പരാതി. 2023 അവസാനത്തോടെ ഡൽഹിയിലെത്തിയ പ്രതി, ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
കൂടാതെ, യുവതി പ്രതിയുടെ പക്കൽ നിന്ന് പണം വാങ്ങിയെന്ന് സമ്മതിക്കുന്ന വീഡിയോയും ഇയാൾ ബലമായി ചിത്രീകരിച്ചു. പിന്നീട് ഈ ദൃശ്യങ്ങൾ യുവതിയുടെ ബന്ധുക്കൾക്ക് അയച്ചുകൊടുത്ത് അപകീർത്തിപ്പെടുത്തുകയും ചെയ്തു. ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നു എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പൂർണ്ണമായും തള്ളി. സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ ഗൗരവകരമാണെന്ന് കോടതി വ്യക്തമാക്കി.

