പുണെ: ഡൽഹി മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ കോടതി വെറുതെ വിട്ടതിനെ സ്വാഗതം ചെയ്ത് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ (Anna Hazare Welcomes Arvind Kejriwal Acquittal). നീതിന്യായ വ്യവസ്ഥയാണ് രാജ്യത്ത് പരമോന്നതമെന്നും കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ രാലേഗൻ സിദ്ധിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെജ്‌രിവാളും മനീഷ് സിസോദിയയും ഒരുകാലത്ത് തന്റെ കൂടെ പ്രവർത്തിച്ചിരുന്നവരാണെന്ന് ഹസാരെ അനുസ്മരിച്ചു. സ്വന്തം താൽപ്പര്യങ്ങൾക്കും പാർട്ടിക്കും ഉപരിയായി രാജ്യത്തിനും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹം കെജ്‌രിവാളിനെ ഉപദേശിച്ചു. മുൻപ് കെജ്‌രിവാളിനെതിരെ താൻ നടത്തിയ വിമർശനങ്ങൾ അന്ന് കോടതി വിധി വരാത്ത പശ്ചാത്തലത്തിലായിരുന്നുവെന്നും, ഇപ്പോൾ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തിൽ ആ വിധി ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ശക്തമായ നീതിന്യായ വ്യവസ്ഥയില്ലെങ്കിൽ രാജ്യത്ത് ക്രിമിനലുകൾ പിടിമുറുക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വെള്ളിയാഴ്ചയാണ് ഡൽഹിയിലെ പ്രത്യേക കോടതി അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ തുടങ്ങി 21 പേരെ മദ്യനയ കേസിൽ നിന്ന് വിമുക്തരാക്കിയത്. കേസിൽ ഗൂഢാലോചനയോ ക്രിമിനൽ ഉദ്ദേശമോ കണ്ടെത്താൻ സിബിഐക്ക് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. 2024 മാർച്ചിൽ അറസ്റ്റിലായ കെജ്‌രിവാൾ 155 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. 2011-ലെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ഇവർ പിന്നീട് രാഷ്ട്രീയ നിലപാടുകളുടെ പേരിൽ അകന്നിരുന്നു.
Summary: Social activist Anna Hazare welcomed the court’s decision to discharge Arvind Kejriwal in the excise policy case, stating that the judiciary is supreme.

