ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ വിവാദങ്ങൾക്കും ആഴ്ചകൾ നീണ്ട വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കും ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ച സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി പ്രവർത്തകർക്ക് അധികാര സ്ഥാനങ്ങളേക്കാൾ പ്രധാനം രാജ്യത്തിന്റെ ഭാവിയും വിദ്യാർത്ഥികളുമാണെന്ന് തെളിയിക്കുന്നതാണ് ധർമേന്ദ്ര പ്രധാനിന്റെ രാജിയെന്ന് അമിത് ഷാ വ്യക്തമാക്കി.(Amit Shah Reacts To Dharmendra Pradhan Resignation)
രാജി തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് ‘എക്സിലാണ്’ അദ്ദേഹം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ശക്തമായ നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പരീക്ഷാ നടത്തിപ്പിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച തീരുമാനങ്ങൾ പ്രശംസനീയമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
നീറ്റ് പരീക്ഷ എഴുതി വിജയിച്ച വിദ്യാർത്ഥികൾക്ക് പൂർണ്ണ നീതി ഉറപ്പാക്കാൻ സർക്കാരിന്റെ ഈ നടപടികൾ സഹായിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ധർമേന്ദ്ര പ്രധാനിന്റെ രാജിക്ക് പിന്നാലെ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ ധർമേന്ദ്ര പ്രധാൻ നടപ്പിലാക്കിയ പരിഷ്കാരങ്ങളെ അമിത് ഷാ എടുത്തുപറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചതും, മാതൃഭാഷകളിൽ പരീക്ഷകൾ എഴുതാനുള്ള അവസരമൊരുക്കിയതും അദ്ദേഹത്തിന്റെ ഭരണകാലത്തെ മികച്ച നേട്ടങ്ങളാണ്. കൂടാതെ, പിഎം ശ്രീ സ്കൂളുകളുടെ വിപുലീകരണം, ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ പ്രചാരം, നൈപുണ്യ വികസനം, വ്യവസായ-അക്കാദമിക് മേഖലകൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചുവെന്ന് ഷാ കൂട്ടിച്ചേർത്തു.
പരീക്ഷാ രീതികളെ വിദ്യാർത്ഥി സൗഹൃദവും പങ്കാളിത്തമുള്ളതുമാക്കാൻ പ്രധാൻ നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമാണെന്നും, ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാൻ അദ്ദേഹം കാണിച്ച സമർപ്പണത്തിന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തെളിവാണെന്നും അമിത് ഷാ ഓർമ്മിപ്പിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 37 ദിവസമായി രാജ്യത്തുടനീളം വിദ്യാർത്ഥികൾ നടത്തിവന്ന ശക്തമായ പ്രതിഷേധങ്ങളെത്തുടർന്നാണ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്.
Story Summary
Following the resignation of Union Education Minister Dharmendra Pradhan over the NEET paper leak controversy, Home Minister Amit Shah stated that for BJP workers, the nation and students come before any position. Minister Pralhad Joshi has been given additional charge of the Education Ministry, while Amit Shah assured that the Modi government is committed to delivering justice to affected students.


