വാഷിംഗ്ടൺ: ഇറാന് നേരെ തുടർച്ചയായി നടത്തിവന്ന സൈനിക ആക്രമണങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. കഴിഞ്ഞ 13 ദിവസമായി അനുബന്ധ ആക്രമണങ്ങൾക്ക് തുടർച്ചയായി പച്ചക്കൊടി കാട്ടിയിരുന്ന സ്ഥാനത്താണ് വെള്ളിയാഴ്ച ട്രംപ് സൈന്യത്തിന് പെട്ടെന്ന് നിർദ്ദേശം നൽകിയത്.(Donald Trump Orders US Military To Pause Airstrikes In Iran For Diplomacy)
നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകാനാണ് യു.എസ് ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ചയും ആക്രമണത്തിനുള്ള സൈനിക പദ്ധതികൾ സമർപ്പിക്കപ്പെട്ടിരുന്നെങ്കിലും ട്രംപ് അതിന് അനുമതി നൽകിയില്ല. തുടർന്ന് മാധ്യമങ്ങളെ കണ്ട അദ്ദേഹം, ആക്രമണങ്ങൾ തുടരാനോ കൂടുതൽ ശക്തമാക്കാനോ ഉള്ള ശേഷി തങ്ങൾക്കുണ്ടെങ്കിലും, നയതന്ത്രപരമായ കരാറിലെത്തുന്നതാണ് കൂടുതൽ ബുദ്ധിപരമായ തന്ത്രമെന്ന് വ്യക്തമാക്കി.
ഇറാന്നുമായി നിലവിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും അവർ വിഷയം കൂടുതൽ ഗൗരവമായി കാണുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. യു.എസ് വീണ്ടും ശക്തമായ ആക്രമണം നടത്തിയാൽ ഉണ്ടായേക്കാവുന്ന തിരിച്ചടികൾ നേരിടാൻ ഇസ്രായേൽ പ്രതിരോധ സേന വെള്ളിയാഴ്ച പൂർണ്ണ സജ്ജമായിരുന്നു. എന്നാൽ വൈകീട്ടോടെ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ച വിവരം ഇസ്രായേലിന് കൈമാറി. സ്ട്രെയിറ്റ് ഓഫ് ഹോർമുസ് ഗതാഗതത്തിനായി വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒമാന്റെ പ്രതിനിധി സംഘം ടെഹ്‌റാനിൽ ചർച്ചകൾ നടത്തുന്നതിനിടെയാണ് ട്രംപിന്റെ ഈ തീരുമാനം വരുന്നത്. കരാറുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ പുരോഗതിയുണ്ടെന്നാണ് സൂചന. ഈ നിർദ്ദേശങ്ങൾ യു.എസ് അംഗീകരിക്കുമോ അതോ സൈനിക നീക്കങ്ങളിലേക്ക് വീണ്ടും കടക്കുമോ എന്നത് വരും ദിവസങ്ങളിൽ നിർണ്ണായകമാകും.
Story Summary
US President Donald Trump directed the military to halt daily strikes against Iran after nearly two weeks of continuous bombing. The decision aims to give diplomatic channels a chance, as talks mediated by Oman progress regarding the reopening of the Strait of Hormuz. However, Trump reaffirmed that the U.S. remains prepared for major combat operations if negotiations fail.


