പോപ്പുലർ ഫ്രണ്ട് ബന്ധം ആരോപിച്ച് അറസ്റ്റിലായ നേതാക്കൾക്കെതിരെ യുഎപിഎ ചുമത്തി
Sep 21, 2022, 09:26 IST

ഹൈദരാബാദ്: ആന്ധ്രപ്രദേശിലും തെലുങ്കാനയിലും പോപ്പുലർ ഫ്രണ്ട് ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത നാല് പേർക്കെതിരെ യുഎപിഎ ചുമത്തി. സയിദ് യാഹിയ സമീർ, ഫിറോസ് ഖാൻ, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഉസ്മാൻ എന്നിവർക്കെതിരെയാണ് ഗൂഡാലോചന തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ കൂടാതെ യുഎപിഎ നിയമത്തിന്റെ 13(1) ബി വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്.
തിങ്കളാഴ്ച ആന്ധ്രയിലും തെലുങ്കാനയിലും 38 സ്ഥലങ്ങളിലായി നടത്തിയ റെയ്ഡിനെ തുടർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഓഗസ്റ്റ് 26-ന് രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായ അബ്ദുൾ ഖാദർ എന്ന പോപ്പുലർ ഫ്രണ്ട് നേതാവ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡുകൾ നടത്തിയത്.

റെയ്ഡിൽ 8.31 ലക്ഷം രൂപയും കഠാരകളും പ്രകോപനപരമായ രേഖകളും സുപ്രധാന തെളിവുകളും പിടിച്ചെടുത്തതായി അന്വേഷണസംഘം അറിയിച്ചിരുന്നു.