

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ വിജയത്തിന് പിന്നാലെ, ടീമിലെ തന്റെ സ്ഥാനത്തെക്കുറിച്ചും ഓപ്പണറായി തുടരുമോ എന്നതിനെക്കുറിച്ചും മനസുതുറന്ന് മലയാളി താരം സഞ്ജു സാംസൺ (Sanju Samson). ശുഭ്മാൻ ഗില്ലിന് പരിക്കേറ്റതിനെത്തുടർന്ന് പരമ്പരയിലെ അവസാന മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു 22 പന്തിൽ 37 റൺസുമായി മികച്ച പ്രകടനം നടത്തിയിരുന്നു.
"വരാനിരിക്കുന്ന മത്സരങ്ങളിലും ഓപ്പണറായി തുടരുമോ?" എന്ന മുൻ താരം ഇർഫാൻ പത്താന്റെ ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു സഞ്ജുവിന്റെ മറുപടി. "ഭയ്യാ, ഞാനെന്താണ് പറയുക? എന്നെ ഓപ്പണറാക്കൂ എന്നല്ലാതെ എന്ത് പറയാനാണ്. ഇർഫാൻ ഭായ് ഇത്തരം ചോദ്യങ്ങളൊന്നും ചോദിക്കരുത്" എന്ന് സഞ്ജു തമാശരൂപേണ പറഞ്ഞു. കോച്ച് ഗൗതം ഗംഭീർ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവരുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്ന് സഞ്ജു വ്യക്തമാക്കി. ടീമിലെ തീരുമാനങ്ങൾ കൃത്യമായി തന്നോട് ആശയവിനിമയം നടത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടീമിൽ അവസരം ലഭിക്കാതെ മാറിനിൽക്കേണ്ടി വരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, "സന്തോഷത്തിനായി കാത്തിരിക്കും" എന്നായിരുന്നു സഞ്ജുവിന്റെ ലളിതമായ മറുപടി. ലഭിക്കുന്ന അവസരങ്ങളിൽ ടീമിനായി മികച്ചത് നൽകാനാണ് താൻ ശ്രമിക്കുന്നതെന്നും താരം പറഞ്ഞു. 30 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ അവസാന മത്സരത്തിൽ തോൽപ്പിച്ചത്. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി. ഈ വർഷം മികച്ച ഫോമിലുള്ള സഞ്ജുവിന് ജനുവരിയിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഓപ്പണറായി അവസരം ലഭിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Following India's 3-1 T20 series win against South Africa, Sanju Samson shared insights about his role in the team during an interview with Irfan Pathan. When asked if he would continue as an opener in future matches, Sanju jokingly replied, "Irfan bhai, what can I say? Don't ask me such questions!" He expressed a strong bond with Coach Gautam Gambhir and Captain Suryakumar Yadav, noting that he handles time in the dugout with patience and prepares hard for any opportunity that comes his way.