രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ലോക് അദാലത്തുമായി രാജസ്ഥാന്‍

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ലോക് അദാലത്തുമായി രാജസ്ഥാന്‍
 ജയ്പൂര്‍: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ലോക് അദാലത്ത് രാജസ്ഥാന്‍ അവതരിപ്പിച്ചു. ജയ്പൂരില്‍ നടന്ന അഖിലേന്ത്യ ലീഗല്‍ സര്‍വീസസ് അതോറിറ്റി യോഗത്തില്‍ നല്‍സ ചെയര്‍മാന്‍ ഉദയ് ഉമേഷ് ലളിതാണ് എഐ അധിഷ്ഠിത ഡിജിറ്റല്‍ ലോക് അദാലത്ത് അവതരിപ്പിച്ചത്. രാജസ്ഥാന്‍ സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സംരംഭം രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചത് സാങ്കേതിക സഹകാരിയായ ജൂപിറ്റൈസ് ജസ്റ്റിസ് ടെക്‌നോളജീസാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖേലോട്ട്, നീതി,ന്യായ വകുപ്പ് മന്ത്രി കിരെന്‍ റിജ്ജു എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണ രണ്ടു ദിവസത്തെ യോഗം ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം ഈയിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പ്രത്യേകിച്ച് പകര്‍ച്ച വ്യാധി കാലത്ത് കോടതികള്‍ പ്രവര്‍ത്തന രഹിതമായപ്പോള്‍. ബീഹാറില്‍ ഈയിടെ ഒരു ജില്ലാ കോടതിയില്‍ ഭൂമി തര്‍ക്ക കേസ് തീര്‍പ്പായത് 108 വര്‍ഷത്തിനു ശേഷമാണ്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കേസായിരുന്നു അത്. നിലവിലെ രാജ്യത്തെ കേസുകള്‍ തീരണമെങ്കില്‍ 324 വര്‍ഷമെങ്കിലും എടുക്കുമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 75 മുതല്‍ 97 ശതമാനംവരെയുള്ള ന്യായമായ പ്രശ്‌നങ്ങള്‍, അതായത് അഞ്ചു ദശലക്ഷം മുതല്‍ 40 ദശലക്ഷം വരെ പ്രശ്‌നങ്ങള്‍ ഓരോ മാസവും കോടതിയില്‍ എത്തുന്നില്ലെന്നും റിപോര്‍ട്ട് പറയുന്നു. ഈ രംഗത്ത് സാങ്കേതിക ഇടപെടലിന്റെ അനിവാര്യതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതെ നീതി സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാകുന്ന തരത്തിലാണ് ഗവേഷണത്തിലൂടെ ജൂപിറ്റൈസ് ഡിജിറ്റല്‍ ലോക് അദാലത്ത് രൂപകല്‍പ്പന ചെയ്തത്. ഇതുവഴി വെബ്, മൊബൈല്‍, സിഎസ്‌സികള്‍ തുടങ്ങിയവയിലൂടെ ഗ്രാമങ്ങളില്‍ പോലും താങ്ങാവുന്ന രീതിയില്‍ മറ്റു സേവനങ്ങള്‍ പോലെ തന്നെ നിയമ കാര്യ സേവനങ്ങളും ലഭ്യമാക്കാനാകും.

Share this story