തിരുവനന്തപുരം: ബി.ജെ.പി – സി.പി.എം ‘ഡീൽ’ ആരോപണങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. 2006-ൽ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തത് ഏത് ഡീലിന്റെ ഭാഗമായിരുന്നുവെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.(What deal was it that you bowed down in front of Golwalkar’s photo, CM to VD Satheesan )
ആർ.എസ്.എസ് ചടങ്ങിൽ വി.ഡി. സതീശൻ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി വണങ്ങുകയും ചെയ്തു. ഇതിനെക്കുറിച്ച് ചോദിക്കുമ്പോൾ 2013-ലെ മറ്റൊരു പരിപാടിയെക്കുറിച്ച് പറഞ്ഞ് സതീശൻ ഒഴിഞ്ഞുമാറുകയാണ്. 2001-ലെയും 2006-ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വി.ഡി. സതീശൻ ആർ.എസ്.എസ് പിന്തുണ അഭ്യർത്ഥിച്ചുവെന്ന ഹിന്ദു ഐക്യവേദി അധ്യക്ഷന്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആർ.എസ്.എസ് പിന്തുണ ഉറപ്പാക്കാനായിരുന്നോ അന്നത്തെ ‘ഗോൾവാൾക്കർ പൂജ’ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷ കേരളത്തിലെ ജനങ്ങൾക്ക് ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ കൃത്യമായ മറുപടി അറിയാൻ അവകാശമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സി.പി.എമ്മിന് ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ടെന്ന യു.ഡി.എഫ് ആരോപണങ്ങളെ പ്രതിരോധിക്കാനാണ് മുഖ്യമന്ത്രി സതീശന്റെ പഴയകാല നടപടികൾ ആയുധമാക്കുന്നത്.

