കൊച്ചി: വടുതലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒരേ കുടുംബത്തിലെ അഞ്ചുപേരുടെയും സംസ്കാരം കൊച്ചിയിൽ നടന്നു. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മക്കൾ എന്നിവരുടെ മൃതദേഹങ്ങളാണ് പച്ചാളത്ത് സംസ്കരിച്ചത്.(Vaduthala mass death, Funeral held in Kochi, suspicion that poison was purchased online)
കൊച്ചി മേയർ വി.കെ. മിനിമോൾ, കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്കാരത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. കളമശ്ശേരി മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലായി പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു.
ചികിത്സാർത്ഥം രണ്ടുമാസം മുൻപാണ് കുടുംബം വടുതലയിൽ വീട് വാടകയ്‌ക്കെടുത്തത്. ശനിയാഴ്ച രാവിലെ വീട്ടിൽ ആളനക്കം കാണാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്തുവരുന്നത്. സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം ശ്രീകുമാരിയും അശ്വതിയും ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സംശയിക്കുന്നു. വിഷപദാർത്ഥം ഓൺലൈൻ വഴി വാങ്ങിയതാകാമെന്നാണ് പോലീസ് കരുതുന്നത്. ഇതിന്റെ ഭാഗമായി ഇവരുടെ മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധന ആരംഭിച്ചു.

