ഓട്ടോറിക്ഷ ഡ്രൈവറിൽനിന്ന് പണം പിടിച്ചുപറിച്ച രണ്ടുപേർ കൂടി പിടിയിൽ
Sep 6, 2023, 17:40 IST

നേമം: ഓട്ടോറിക്ഷ ഡ്രൈവറുടെ കൈയിൽ നിന്ന് പണം പിടിച്ചുപറിച്ച സംഭവത്തിലെ രണ്ട് പ്രതികളെക്കൂടി നേമം പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നും മൂന്നും പ്രതികളായ നേമം ചാനൽ ബണ്ട് റോഡ് ഹസൻ കോട്ടേജിൽ ആലിഫ്ഖാൻ (36), നേമം കല്ലുവെട്ടാൻകുഴി വാറുവിളാകത്ത് വീട്ടിൽ വെള്ള അജി എന്ന അജി (36) എന്നിവരെയാണ് നേമം പൊലീസ് അറസ്റ്റ് ചെയതത്. മൂന്നാം പ്രതി പാപ്പനംകോട് എസ്റ്റേറ്റ് അച്ചു നിവാസിൽ സുഭാഷിനെ (35) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ആഗസ്റ്റ് 30ന് ഉച്ചക്ക് മൂന്നോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോഴി വേസ്റ്റ് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു നിൽക്കുകയായിരുന്ന മണക്കാട് സ്വദേശിയായ റിയാസിനോട് മൂന്നാം പ്രതി പണം ആവശ്യപ്പെടുകയായിരുന്നു. ഇത് നൽകാത്തതിനുള്ള വിരോധംമൂലം സുഭാഷ് പിന്നീട് മറ്റ് രണ്ട് പ്രതികളുമയി ചേർന്ന് സ്ഥലത്തെത്തുകയും റിയാസിൽ നിന്ന് ബലപ്രയോഗത്തിലൂടെ 5,000 രൂപ കവർന്ന് രക്ഷപ്പെടുകയുമായിരുന്നു. പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിൽ നേമം എസ്.ഐമാരായ എം. മധുമോഹൻ, ഷിജു, രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
