Times Kerala

 ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ  സാധ്യതകൾ സമൂഹത്തിന്റെ പുരോഗതിക്കായി ഉപയോഗപ്പെടുത്തണം: മന്ത്രി ആർ. ബിന്ദു

 
 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് : സീറ്റ് ഒഴിവ്
 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ മനുഷ്യ ജീവിതത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി ഉപയോഗപ്പെടുണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഐ.സി.ടി അക്കാദമി ഓഫ് കേരളയുടെ നേതൃത്വത്തിൽ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് നടന്ന ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സയൻസ്, എൻജിനീയറിങ് ആന്റ് ടെക്നോളജി( ഐസിഎസ്ഇറ്റി 2023) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അധ്യാപന പഠന പ്രക്രിയയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സംയോജനം വിദ്യാഭ്യാസ ലോകത്ത് അതിശയകരമായ മാറ്റങ്ങൾ സൃഷ്ടിക്കും. വിദ്യാഭ്യാസ സാങ്കേതിക നയങ്ങളിൽ മാതൃകാപരമായ മാറ്റം അനിവാര്യമാകുകയാണ്.  ബാർഡ്, ചാറ്റ് ജിപിടി തുടങ്ങിയ എ.ഐ ടൂളുകൾ ഉപന്യാസങ്ങളും കവിതകളും എഴുതാൻ മാത്രമല്ല പഠനത്തിന്റെ വിവിധ തലങ്ങളിൽ  ഉപയോഗപ്പെടുത്താൻ കഴിയുന്നു. എ.ഐയുടെ ഇപ്പോഴത്തെ ഉപയോഗം ഉൽപ്പാദന, തൊഴിൽ മേഖലകളിൽ ഓട്ടോമേഷന്റെ സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ട്.
മനുഷ്യ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ചുവടുവയ്പ്പാണ് കൃത്രിമബുദ്ധി. സാങ്കേതികവിദ്യയിലെ പുരോഗതി മനുഷ്യന്റെ സാധാരണ ചിന്താരീതിയേക്കാൾ വേഗത്തിലാണ് നീങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.

ആധുനിക സാങ്കേതികവിദ്യകൾക്ക് അനുസരിച്ച് അധ്യാപന രീതികൾ  പരിഷ്കരിക്കപ്പെടേണ്ടതാണ്.  കൂടുതൽ ബുദ്ധിപരമായ ചോദ്യങ്ങൾ ചോദിക്കാൻ വിദ്യാർത്ഥികളെ സജ്ജരാക്കുകയും പ്രചോദിപ്പിക്കുകയും വേണം.സാങ്കേതിക വിപ്ലവം സമൂഹത്തിൽ വളരെ വലിയ മാറ്റത്തിന് കാരണമാകുന്നു. നീതിബോധം, ജനാധിപത്യ വീക്ഷണങ്ങൾ, വിജ്ഞാന സങ്കൽപ്പങ്ങൾ, സാമൂഹിക ബോധം തുടങ്ങിയവയെല്ലാം ഈ മാറ്റങ്ങൾക്ക് അനുസൃതമായി അടിമുടി രൂപാന്തരപ്പെടും. ഈ പശ്ചാത്തലത്തിൽ ഇത്തരം മാതൃകാപരമായ മാറ്റങ്ങളെ അഭിമുഖീകരിക്കാൻ നമ്മുടെ ഭാവി തലമുറയെ പരിശീലിപ്പിക്കേണ്ടത്  അനിവാര്യമാണ്.  ആധുനിക സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ യുവതലമുറയെ പ്രാപ്തരാക്കണം.

ലോകം ശാസ്ത്ര സാങ്കേതിക മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യൻ വിഭാവനം ചെയ്ത കൃത്രിമബുദ്ധി പലപ്പോഴും മനുഷ്യന്റെ ബുദ്ധിയെ മറികടക്കുന്ന സാഹചര്യമാണുള്ളത്. നാലാം വ്യാവസായിക വിപ്ലവത്തിന്റെ യുഗത്തിലാണ് നാം ജീവിക്കുന്നത്.ഇന്ന് നമുക്ക് ആപ്പുകളും ഉപകരണങ്ങളും ഒഴിവാക്കുക ബുദ്ധിമുട്ടാണ്. വ്യാവസായിക മാറ്റത്തിന്റെ ഈ ഘട്ടത്തിന്റെ ഒരു ഭാഗമായ കൃത്രിമബുദ്ധി, ജീൻ എഡിറ്റിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകൾ വ്യവസായം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലയിൽ  ഫലപ്രദമായി ഉപയോഗപ്പെടുത്തി കൂടുതൽ പുരോഗതി കൈവരിക്കാൻ സാധ്യമാകും. സാങ്കേതികവിദ്യകൾ വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ഒരു അന്താരാഷ്ട്ര കോൺക്ലേവ് സംഘടിപ്പിക്കാൻ മുൻകൈയെടുത്ത ഐ.സി.റ്റി അക്കാദമി കേരള അഭിനന്ദനം അർഹിക്കുന്നു. ഡിജിറ്റൽ വിപ്ലവത്തിന്റെ ലോകത്തിൽ 
കോൺക്ലേവ് സമകാലിക പ്രസക്തമാണെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ് അധ്യക്ഷത വഹിച്ചു, ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ, അകാബ്സ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ജനറൽ മാനേജർ അജയ് മാതുർ, ഐ.സി.റ്റി അക്കാദമി കേരള സി. ഇ. ഒ സന്തോഷ് കുറുപ്പ്, ഡോ. വി.ടി ദീപ തുടങ്ങിയവർ പങ്കെടുത്തു

Related Topics

Share this story