Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKeralaനിയമസഭയെ വീണ്ടും കലുഷിതമാക്കി ശബരിമല സ്വർണ്ണക്കൊള്ള കേസ്: നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷ...

നിയമസഭയെ വീണ്ടും കലുഷിതമാക്കി ശബരിമല സ്വർണ്ണക്കൊള്ള കേസ്: നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷ പ്രതിഷേധം; വിമർശനം ഹൈക്കോടതിക്ക് എതിരെയെന്ന് മന്ത്രി P രാജീവ്, തന്ത്രിക്കെന്താണ് പ്രത്യേകതയെന്ന് MB രാജേഷ്, പോസ്റ്റർ പോരുമായി ഭരണപക്ഷം | Sabarimala

🎙️ Latest Podcast

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം പുനരാരംഭിച്ചപ്പോൾ ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ കടുത്ത പ്രതിഷേധം ഉയർത്തി. സ്വർണ്ണക്കവർച്ചാ കേസിൽ പ്രതികൾക്ക് കൂട്ടത്തോടെ ജാമ്യം ലഭിച്ചതും ശബരിമല തന്ത്രിയുടെ അറസ്റ്റും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ കടന്നാക്രമണം.(Sabarimala gold theft case disrupts Kerala assembly again, Opposition protests)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്ഥലത്തില്ലാത്തതിനാൽ കെ. ബാബുവാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ശബരിമലയിലെ ആചാര ലംഘനത്തിന് കൂട്ടുനിൽക്കാത്തതിനാലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. തന്ത്രിയുടെ നിലപാടുകളെ പിന്താങ്ങിയ പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങൾ മുഴക്കി.

സ്വർണ്ണക്കൊള്ളക്കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചത് സർക്കാരിന്റെയും പോലീസിന്റെയും വീഴ്ചയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ചോദ്യോത്തര വേളയിൽ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ച അംഗങ്ങൾ സഭയുമായി നിസ്സഹകരണം പ്രഖ്യാപിച്ചു. തുടർന്ന് സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടിയുമായി നിയമമന്ത്രി പി. രാജീവ്. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ യഥാർത്ഥത്തിൽ ഹൈക്കോടതിക്ക് എതിരെയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല. അന്വേഷണം പൂർണ്ണമായും ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടക്കുന്നത്. അന്വേഷണ റിപ്പോർട്ടുകൾ സർക്കാരിന് മുന്നിലല്ല വരുന്നത്.  കേസിൽ തന്ത്രി വാദിയാണോ പ്രതിയാണോ എന്നത് സർക്കാരിനെ ബാധിക്കുന്ന കാര്യമല്ല. നിയമം അതിന്റെ വഴിക്കാണ് നീങ്ങുന്നത്. ഇതിൽ സർക്കാരിന് പ്രത്യേക റോളൊന്നുമില്ല.

നവയുഗം ബിജെപിയുടെ യാത്രയ്ക്ക് വഴിയൊരുക്കാനാണെന്ന് മന്ത്രി പരിഹസിച്ചു. മതനിരപേക്ഷ കേരളത്തിന് കോൺഗ്രസിന്റെ ഈ നിലപാട് അത്യന്തം അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ. ബാബുവിന്റെ പ്രസംഗത്തെ പരാമർശിച്ച്, സഭയിൽ പ്രസംഗിക്കാൻ ഒരു അവസരം കിട്ടി എന്ന് മാത്രം ബാബു കണക്കാക്കിയാൽ മതിയെന്നും പി. രാജീവ് തിരിച്ചടിച്ചു.

പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭയ്ക്കുള്ളിൽ പോസ്റ്റർ ഉയർത്തി ഭരണപക്ഷവും തിരിച്ചടിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ചോദ്യോത്തര വേളയുമായി സ്പീക്കർ മുന്നോട്ട് പോയി. പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ മന്ത്രി എം.ബി. രാജേഷ് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. കേസിൽ തന്ത്രിക്ക് എന്താണ് പ്രത്യേക അവകാശമുള്ളതെന്ന് ചോദിച്ച മന്ത്രി, തന്ത്രിയുടെ വക്കാലത്ത് യുഡിഎഫും ബിജെപിയും സംയുക്തമായി ഏറ്റെടുത്തിരിക്കുകയാണെന്ന് ആരോപിച്ചു. തന്ത്രിയെ മുൻനിർത്തി കോൺഗ്രസ് നടത്തുന്നത് വെറും രാഷ്ട്രീയ ഉപജാപമാണെന്നും അദ്ദേഹം പരിഹസിച്ചു. ‘സോണിയ – പോറ്റി’ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്ററുകൾ ഉയർത്തിക്കാട്ടിയാണ് ഭരണപക്ഷം പ്രതിപക്ഷ നീക്കത്തെ പ്രതിരോധിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.