സ്പീക്കറുടെ ഓഫീസിന് മുൻപിലെ പ്രതിഷേധം; എച്ച്.സലാം തന്നെ ചവിട്ടിയെന്ന് കെ.കെ. രമ
Wed, 15 Mar 2023

തിരുവനന്തപരം: അടിയന്തര പ്രമേയം നിഷേധിച്ചതില്‍ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച തന്നെ അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാം ഉള്‍പ്പെടെയുള്ളവര്‍ മര്‍ദിച്ചതായി വടകര എംഎല്‍എ കെ.കെ. രമ ആരോപിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയ വാച്ച് ആന്‍ഡ് വാര്‍ഡ് പിന്നീട് മറ്റുള്ളവർക്ക് നേരെ തിരിയുകയായിരുന്നു. തന്റെ കൈ പിടിച്ച് തിരിച്ചെന്നും കാലിൽ പിടിച്ച് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ വരാന്തയിലൂടെ വലിച്ചിഴച്ചെന്നും രമ പറഞ്ഞു. ഇതിനിടയില്‍ ഭരണപക്ഷ എംഎല്‍എമാര്‍ മോശമായി മുദ്രാവാക്യം വിളിക്കുകയും സലാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ചവിട്ടുകയായിരുന്നെന്നും കെ.കെ.രമ ആരോപിച്ചു. പ്രതിപക്ഷാംഗങ്ങള്‍ക്കൊപ്പം സമാധാനപരമായി മുദ്രാവാക്യം വിളിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും വാച്ച് ആന്‍ഡ് വാര്‍ഡാണ് ബോധപൂര്‍വം പ്രശ്നമുണ്ടാക്കിയതെന്നും രമ വിമര്‍ശിച്ചു. സംഭവത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.