മുൻ ശിവസേന എംപി വിനായക് റൗട്ടിനും കുടുംബാംഗങ്ങൾക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മരുമകളുടെ പരാതി. തന്നെ മന്ത്രവാദത്തിന് വിധേയയാക്കിയെന്നും ഗോമൂത്രം കുടിക്കാൻ നിർബന്ധിച്ചെന്നും ആരോപിച്ച് വിനായക് റൗട്ടിന്റെ മരുമകൾ ഗിരിജ റൗട്ടാണ് പരാതി നൽകിയത് (Vinayak Raut Black Magic Allegations). താണെ കപൂർബാവ്ഡി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ വിനായക് റൗട്ട്, മകനും കോർപ്പറേറ്ററുമായ ഗിതേഷ് റൗട്ട്, മറ്റ് കുടുംബാംഗങ്ങൾ, ഫിറോസ് ബാബ, ഖാസി ബാബ എന്നീ മന്ത്രവാദികൾ എന്നിവരെ പ്രതികളാക്കിയിട്ടുണ്ട്.
ആചാരങ്ങളുടെ പേരിൽ കുടുംബാംഗങ്ങൾ തന്നെ ഗോമൂത്രം കുടിക്കാൻ നിർബന്ധിച്ചുവെന്ന് ഗിരിജ പരാതിയിൽ പറയുന്നു. ഇതിനുപുറമെ, മന്ത്രവാദത്തിന്റെ ഭാഗമായി തന്നെ ശാരീരികമായി ഉപദ്രവിക്കുകയും തലമുടി പിഴുതെടുക്കുകയും ചെയ്തതായും അവർ ആരോപിച്ചു. മഹാരാഷ്ട്രയിലെ അന്ധവിശ്വാസങ്ങൾക്കും മന്ത്രവാദത്തിനുമെതിരായ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
രത്നഗിരി-സിന്ധുദുർഗ് മണ്ഡലത്തിൽ നിന്നുള്ള മുൻ ലോക്‌സഭാംഗവും ശിവസേന (യുബിടി) മുതിർന്ന നേതാവുമാണ് വിനായക് റൗട്ട്. കേസിൽ ഉൾപ്പെട്ടിരിക്കുന്ന മകൻ ഗിതേഷ് റൗട്ട് ഒരു കോർപ്പറേറ്റർ കൂടിയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആരോപണവിധേയരായവരെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുമെന്നാണ് വിവരം.
Summary: Former Shiv Sena (UBT) MP Vinayak Raut, his son Gitesh Raut, and other family members have been booked by the Thane police following a complaint by his daughter-in-law, Girija Raut. The FIR alleges that the family subjected her to inhuman black magic rituals and forced her to consume cow urine, leading to charges under the Maharashtra Anti-Superstition Act.

