മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷൻമാരും ജനറൽ സെക്രട്ടറിമാരും ഇന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണും
Fri, 17 Mar 2023

മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയെ ചൊല്ലി തർക്കം തുടരുന്നതിനിടെ പതിനാല് ജില്ലാ അധ്യക്ഷൻമാരും ജനറൽ സെക്രട്ടറിമാരും ഇന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണും. രാവിലെ പത്തുമണിക്ക് മലപ്പുറം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച്ച നടക്കുക. നിലവിലെ ജനറൽ സെക്രട്ടറി പി.എം.എ സലാം പദവിയിൽ തുടരട്ടെയെന്നാണ് പി.കെ കുഞ്ഞാലിക്കുട്ടിയുൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. എന്നാൽ എം.കെ മുനീറിനെ മുൻ നിർത്തിയാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തിന്റെ നീക്കം. ജില്ലാ പ്രതിനിധികളുടെ ഭൂരിപക്ഷാഭിപ്രായം പരിഗണിച്ചാകും സംസ്ഥാന ജനറൽ സെക്രട്ടറിയെ പാർട്ടി അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കുക. മുസ്‌ലിം ലീഗിന്റെ സംസ്ഥാന കൗൺസിൽ ശനിയാഴ്ച നടക്കാനിരിക്കെയാണ് പാർട്ടിയിൽ തർക്കം രൂക്ഷമായത്.