

കാസർഗോഡ്: കാസർഗോഡ് നഗരമധ്യത്തിൽ സിനിമയെ വെല്ലുന്ന രീതിയിൽ യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി. ബുധനാഴ്ച ഉച്ചയോടെ ഉഡുപ്പി ഹോട്ടലിന് സമീപത്താണ് സംഭവം നടന്നത്. ആന്ധ്ര പ്രദേശ് രജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ നാലംഗ സംഘമാണ് യുവാവിനെ കടത്തിക്കൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചത് AP40EU1277 എന്ന നമ്പറിലുള്ള കാറാണെന്ന് ദൃക്‌സാക്ഷികൾ പോലീസിന് മൊഴി നൽകി. ഹോട്ടലിന് സമീപം നിൽക്കുകയായിരുന്ന യുവാവിനെ ബലംപ്രയോഗിച്ച് കാറിൽ കയറ്റി സംഘം അതിവേഗം ഓടിച്ചുപോവുകയായിരുന്നു.
കാറിൽ നാലുപേർ ഉണ്ടായിരുന്നതായാണ് വിവരം.
സംഭവം നടന്ന ഉടൻ തന്നെ കാസർഗോഡ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികൾ അതിർത്തി കടന്ന് കർണാടകയിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ മംഗളൂരു ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരള-കർണാടക അതിർത്തി കേന്ദ്രീകരിച്ച് പോലീസ് പരിശോധന ഊർജ്ജിതമാക്കി. പ്രതികളെ പിടികൂടാൻ കർണാടക പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. തട്ടിക്കൊണ്ടുപോകപ്പെട്ട യുവാവിനെ തിരിച്ചറിയാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.