

തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ (Parody Song) കേസെടുത്ത് പോലീസ്. പ്രശസ്തമായ അയ്യപ്പ ഭക്തിഗാനത്തെയും ശരണമന്ത്രങ്ങളെയും പരിഹസിക്കുന്ന രീതിയിൽ പാരഡി ഗാനം നിർമ്മിച്ചതിനെതിരെ തിരുവനന്തപുരം സൈബർ പോലീസാണ് കേസെടുത്തത്. 'പോറ്റിയെ കേറ്റിയേ' എന്ന് തുടങ്ങുന്ന ഗാനം അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്നും ശരണമന്ത്രങ്ങളെ അപകീർത്തിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. പ്രസാദ് കുഴിക്കാല എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗാനത്തിന്റെ രചയിതാവ്, സംവിധായകൻ എന്നിവർക്ക് പുറമെ ഈ പാട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ ബോധപൂർവ്വം പ്രചരിപ്പിച്ചവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭക്തിഗാനങ്ങളെയും ആരാധനാമൂർത്തികളുടെ പേരിനെയും മോശമായ രീതിയിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് പോലീസ് വ്യക്തമാക്കി. അയ്യപ്പന്റെ പേരും ശരണമന്ത്രങ്ങളും വികലമായ രീതിയിൽ അവതരിപ്പിച്ചത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വീഡിയോ പ്ലാറ്റ്‌ഫോമുകളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ഈ ഗാനം വ്യാപകമായി പ്രചരിച്ചതോടെയാണ് ഭക്തർക്കിടയിൽ പ്രതിഷേധം ശക്തമായത്. സംഭവത്തിൽ സൈബർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ ഉടൻ തന്നെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.
The Thiruvananthapuram Cyber Police have filed a case against the creators and distributors of a parody song titled 'Pottiye Kettiye'. The song is accused of mocking traditional Ayyappa devotional songs and sacred chants, thereby hurting religious sentiments. According to the FIR based on a complaint by Prasad Kuzhikkala, the lyricist, director, and those who shared the content on social media are being investigated for defamation of religious beliefs.