കോഴിക്കോട്: തൊട്ടിൽപ്പാലം കരിങ്ങാട് കൊരണപ്പാറ മലയിൽ കുടുങ്ങിയ രണ്ട് യുവാക്കളെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് സുരക്ഷിതമായി താഴെയെത്തിച്ചു. വളയം കൊയ്തേരി സ്വദേശികളായ യുവാക്കളാണ് വഴിതെറ്റി മലമുകളിൽ കുടുങ്ങിയത്. രാത്രി പതിനൊന്നരയോടെയാണ് ഇവരെ കണ്ടെത്താനായത്.(Men trapped in mountain rescued, Fire Force as saviors)
ഇന്നലെ വൈകിട്ടാണ് യുവാക്കൾ കൊരണപ്പാറയിലെ കുത്തനെയുള്ള മല കയറിയത്. എന്നാൽ സമയം വൈകിയതോടെ കാടിനുള്ളിൽ വഴിതെറ്റുകയായിരുന്നു. ഒരു ഘട്ടത്തിൽ മൊബൈൽ റേഞ്ച് ലഭിച്ചപ്പോൾ ഇവർ ഫയർഫോഴ്സിനെ വിളിച്ച് സഹായം തേടി. എന്നാൽ താമസിയാതെ ഫോൺ സ്വിച്ച് ഓഫ് ആയത് രക്ഷാപ്രവർത്തകർക്ക് ആശങ്കയുണ്ടാക്കി.
രാത്രിയിലെ കൊടും ഇരുട്ടും അടിക്കാടുകളും തിരച്ചിലിന് വലിയ തടസ്സമായി. തുടർന്ന് തിരച്ചിൽ നടത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി വൈകി യുവാക്കളെ കണ്ടെത്തുകയായിരുന്നു.

