തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് അതീവ വിലപിടിപ്പുള്ള സ്വർണാഭരണങ്ങളും രത്നങ്ങളും മോഷണം പോയി. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പേരൂർക്കട പൊലീസിൽ പരാതി നൽകി. ചരിത്രപരമായ പ്രാധാന്യമുള്ള അമൂല്യ ശേഖരമാണ് നഷ്ടപ്പെട്ടത്.(Massive theft at Kowdiar Palace, Jewelry worth Rs 2 crore stolen)
പരാതി പ്രകാരം, 2025 നവംബറിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് തൊട്ടുമുൻപാണ് അലമാരയിൽ ആഭരണങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്. അതിന് പത്തുദിവസം മുൻപുവരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു. കുടുംബാംഗങ്ങൾ ആരെങ്കിലും ആവശ്യത്തിനായി എടുത്തതാകാം എന്ന ധാരണയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി കൊട്ടാരത്തിനുള്ളിൽ തന്നെ നടത്തിയ അന്വേഷണം പരാജയപ്പെട്ടതോടെയാണ് മോഷണമാണെന്ന് ഉറപ്പിച്ചത്.
അപൂർവ്വമായ ഡിസൈനിലുള്ള സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള കല്ലുകളുമാണ് നഷ്ടമായവയിൽ ഭൂരിഭാഗവും. 8 ലക്ഷം രൂപ വിലവരുന്ന പച്ചക്കല്ല് പതിച്ച നാഗപട കമ്മലും മാലയും, റൂബിയും ഡയമണ്ടുകളും പതിച്ച വളകൾ, ചുവന്ന കല്ല് പതിച്ച വലിയ കമ്മലുകൾ. പിച്ചിപ്പൂ മൊട്ട് ഡിസൈനിലുള്ള പാദസരം, ഇല ഡിസൈൻ വളകൾ, പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത പതക്കം, സ്വർണ്ണ പിരിവളകൾ, കുഴിമിന്നു മാല തുടങ്ങി ഏകദേശം 35 പവനിലധികം സ്വർണ്ണം മോഷണം പോയി.
ഒരു പവൻ വീതം തൂക്കമുള്ള 5 കുതിരപ്പവൻ നാണയങ്ങളും നഷ്ടമായിട്ടുണ്ട്. പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വരും ദിവസങ്ങളിൽ ചോദ്യം ചെയ്യലടക്കം നടക്കും.

