കാലുകൾ നിലത്ത് കുത്തിയ നിലയിൽ; യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

മഞ്ചവിളാകം ചരുവിളാകം സ്വദേശി രാജേഷ്
 തിരുവനന്തപുരം: യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചവിളാകം ചരുവിളാകം സ്വദേശി രാജേഷ് (37)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി വൈകിയും രാജേഷ് എത്താത്തതിനെ തുടർന്ന് സഹോദരൻ രതീഷ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വർഷങ്ങളായി പൂട്ടികിടക്കുന്ന കുടുംബ വീട്ടിനടുത്ത് രാജേഷിന്‍റെ ബൈക്ക് ഇരിക്കുന്നത് കണ്ടു നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യചെയ്യാനുള്ള പ്രശ്നങ്ങളൊന്നും തന്നെ രാജേഷിന് ഇല്ലെന്നും, വിവാഹിതനായ ഇയാൾക്ക് കുടുംബ പ്രശ്നങ്ങളൊന്നുമില്ലെന്നും ബന്ധുക്കൾ പറയുന്നു.  കാലുകൾ നിലത്ത് കുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇത് മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നതായി ബന്ധുക്കൾ പറയുന്നു. മാരായമുട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Share this story