തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതരമായ ഭൂമി തട്ടിപ്പ് പരാതി. കടം വാങ്ങിയ പണത്തിന് ഈടായി നൽകിയ ഭൂമി പോറ്റി മറിച്ചു വിറ്റെന്നാണ് പരാതി. ശബരിമല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഈ പരാതിയിൽ അന്വേഷണം ആരംഭിച്ചു.(Land fraud complaint against Sabarimala gold theft case accused Unnikrishnan Potty)
2020-ൽ പരാതിക്കാരി പോറ്റിയിൽ നിന്ന് 25 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ഇതിന് ഈടായി ഒരു കോടി രൂപ വിലമതിക്കുന്ന 10 സെന്റ് ഭൂമി പോറ്റിയുടെ അമ്മയുടെ പേരിൽ എഴുതി നൽകി. ഇതിനോടകം 5 ലക്ഷം രൂപ പലിശയായി നൽകിയിരുന്നു. എന്നാൽ പണം തിരികെ നൽകി ഭൂമി ആവശ്യപ്പെട്ടപ്പോൾ പോറ്റി ഈ ഭൂമി മറ്റൊരു വ്യക്തിക്ക് മറിച്ചു വിറ്റതായി പരാതിക്കാരി കണ്ടെത്തി.
2024 ജൂലൈയിൽ പോലീസിൽ പരാതി നൽകിയപ്പോൾ ഭൂമി തിരികെ നൽകാമെന്ന് ഒത്തുതീർപ്പ് ചർച്ചയിൽ പോറ്റി സമ്മതിച്ചിരുന്നു. എന്നാൽ ഇത് നടപ്പിലാക്കാത്തതിനെത്തുടർന്നാണ് യുവതി എസ്.ഐ.ടിയെ സമീപിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ചും പലിശ ഇടപാടുകളെക്കുറിച്ചും എസ്.ഐ.ടി ആഴത്തിലുള്ള അന്വേഷണം നടത്തുകയാണ്.

