Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala'52 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നു': G സുധാകരനുള്ള പിന്തുണയിൽ പ്രതിഷേധിച്ച്...

’52 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നു’: G സുധാകരനുള്ള പിന്തുണയിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് KPCC ജനറൽ സെക്രട്ടറി MJ ജോബ് | G Sudhakaran

🎙️ Latest Podcast

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ മുൻ സിപിഎം നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് പാർട്ടി വിട്ടു. 52 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(KPCC General Secretary MJ Job quits Congress in protest over support for G Sudhakaran)

പ്രാദേശിക നേതാക്കളുമായോ പ്രവർത്തകരുമായോ ആലോചിക്കാതെയാണ് ജി. സുധാകരന് പിന്തുണ പ്രഖ്യാപിച്ചതെന്ന് ജോബ് കുറ്റപ്പെടുത്തി. ജി. സുധാകരനെ പിന്തുണയ്ക്കുന്ന വിവരം നേതൃത്വം പ്രാദേശിക പ്രവർത്തകരോട് പറഞ്ഞിട്ടില്ല. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണ് നേതൃത്വം ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെങ്കൊടി മാത്രം ഉണ്ടായിരുന്ന വീട്ടിൽ നിന്ന് കെഎസ്‌യു കൊടിയുമായി വന്നയാളാണ് താൻ. അമ്പലപ്പുഴയിലെ കോൺഗ്രസുകാർ സിപിഎമ്മിന്റെ മർദ്ദനമേറ്റ് വീണവരാണെന്നും ആ ചരിത്രം നേതൃത്വം മറന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജി. സുധാകരൻ പാർട്ടി വിട്ടത് ചെറിയ കാര്യങ്ങൾ പെരുപ്പിച്ചു കാണിച്ചാണെന്നും അദ്ദേഹത്തിന് പിന്നാലെ പോയി പിന്തുണ നൽകേണ്ട കാര്യം കോൺഗ്രസിനില്ലെന്നും ജോബ് പറഞ്ഞു. കോൺഗ്രസിന്റെ ഇത്തരം തെറ്റായ തീരുമാനങ്ങൾ ആലപ്പുഴയിലെ പാർട്ടിയെ ‘ബീഹാർ മോഡലിലേക്ക്’ തള്ളിവിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കരിമണൽ ഖനനത്തിനെതിരെ പ്രതിഷേധിച്ചവരെ തല്ലിച്ചതച്ചപ്പോൾ സുധാകരൻ അവരെ പരിഗണിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. എം.വി. രാഘവനെയും ഗൗരിയമ്മയെയും പോലെ സുധാകരനും ഒരു ‘വിസ്മയമായി’ അവസാനിക്കുമെന്നും ജോബ് പരിഹസിച്ചു. എത്ര മഹാനാണെങ്കിലും പിന്തുണ വേണമെന്ന് അദ്ദേഹം പാർട്ടിക്ക് മുന്നിൽ അപേക്ഷ നൽകട്ടെ. ഇവിടെ വീട്ടിൽ കൊണ്ടുചെന്ന് പിന്തുണ കൊടുക്കേണ്ട കാര്യമില്ല. ഡൽഹിയിൽ നിന്ന് വിമാനത്തിലാണ് പിന്തുണ കൊടുത്തുവിടുന്നത്, എന്നായിരുന്നു നേതൃത്വത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പരിഹാസം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.