കോഴിക്കോട്: ടൈപ്പ്-1 പ്രമേഹബാധിതരായ കുട്ടികൾക്ക് താങ്ങായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി. കുട്ടികൾക്കിടയിൽ പ്രമേഹബാധ വർദ്ധിച്ചുവരുന്ന സാഹചര്യം മുൻനിർത്തി കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ‘സൗഖ്യ’ പദ്ധതിയുടെ ഭാഗമായി 250 കുട്ടികൾക്കാണ് ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യമായി സി.ജി.എം (Continuous Glucose Monitoring) മോണിറ്ററിംഗ് പാച്ചുകൾ വിതരണം ചെയ്തത്. (Kozhikode Aster MIMS free CGM patches distribution)
ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റും ആസ്റ്റർ വോളണ്ടിയേഴ്സും സംയുക്തമായി സംഘടിപ്പിച്ച പദ്ധതിയുടെ വിതരണോദ്ഘാടനം കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ നിർവ്വഹിച്ചു.
എന്താണ് സി.ജി.എം പാച്ചുകൾ?
ദിവസേന ഒന്നിലധികം തവണ സൂചി കുത്തി രക്തം പരിശോധിച്ച് ഇൻസുലിൻ അളവ് നിർണ്ണയിക്കേണ്ടി വരുന്നത് കുട്ടികളിൽ വലിയ ശാരീരിക-മാനസിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരമാണ് പുതിയ സാങ്കേതികവിദ്യ. പുതിയ സി.ജി.എം മോണിറ്ററിംഗ് പാച്ചുകൾ കുട്ടികളുടെ കയ്യിൽ ഘടിപ്പിക്കുന്നതോടെ തുടർച്ചയായി സൂചി കുത്താതെ തന്നെ രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൃത്യമായി നിരീക്ഷിക്കാം.ഗ്ലൂക്കോസ് നിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും അടിയന്തര സാഹചര്യങ്ങളും മൊബൈൽ ആപ്ലിക്കേഷൻ വഴി മുൻകൂട്ടി അറിഞ്ഞ് കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ഇതിലൂടെ മാതാപിതാക്കൾക്ക് സാധിക്കും.
ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ഡി.ഐ.ഇ.ടി നടത്തിയ പ്രത്യേക പഠനത്തിൽ നിരവധി കുട്ടികൾ ടൈപ്പ്-1 പ്രമേഹ ബാധിതരാണെന്നും അവർക്ക് സാമ്പത്തികവും ആരോഗ്യപരവുമായ അടിയന്തര പിന്തുണ ആവശ്യമാണെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ‘സൗഖ്യ’ പദ്ധതിക്ക് രൂപം നൽകിയത്.
“ആതുരസേവന രംഗത്ത് ആസ്റ്റർ മിംസ് കാൽനൂറ്റാണ്ട് (25 വർഷം) പിന്നിടുന്നതിന്റെ ഭാഗമായി സമൂഹത്തിനായി വിഭാവനം ചെയ്ത 25 ജനക്ഷേമ പദ്ധതികളിൽ ആദ്യത്തേതാണ് ഈ സി.ജി.എം മെഷീൻ വിതരണം. കുട്ടികളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ ഇത്തരം പദ്ധതികൾ തുടർന്നും ഉണ്ടാകും.”- ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം (ആസ്റ്റർ മിംസ് സി.ഓ.ഒ) പറഞ്ഞു.
ചടങ്ങിൽ ആസ്റ്റർ മിംസ് എജിഎം ഓപ്പറേഷൻസ് ഷീന, ഡയറ്റ് പ്രിൻസിപ്പൽ ഡോ. നസീർ, മിംസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ മുഹമ്മദ് ഹസീം, അസിസ്റ്റന്റ് മാനേജർ മുഹമ്മദ് എ.പി, ടൈപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് വിജേഷ് ടി.ആർ, വൈസ് പ്രസിഡന്റ് ശ്രീകാന്ത് തളിയൽമന തുടങ്ങിയവർ പങ്കെടുത്തു.
Story Summary: Kozhikode Aster MIMS distributed free CGM patches to 250 Type-1 diabetic children under the district administration’s ‘Soukhya’ initiative. District Collector Snehil Kumar inaugurated the event.

