കൊല്ലം: ആശ്രാമം ലിങ്ക് റോഡിൽ കെ.എസ്.യു പ്രവർത്തകർ സഞ്ചരിച്ച കാറിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. കാർ ഓടിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശി ദേവനന്ദനെതിരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തത്. ദേവനന്ദൻ ഉൾപ്പെടെ നാല് കെ.എസ്.യു പ്രവർത്തകരാണ് അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നത്.(Kollam road accident, Case filed against KSU activist)
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങുകയായിരുന്നു പ്രവർത്തകർ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പെൺകുട്ടികളിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വിദ്യാർത്ഥിനി നിലവിൽ വെന്റിലേറ്ററിൽ ആണ് എന്നാണ് വിവരം.
കായലിലേക്ക് തെറിച്ചുവീണ കുട്ടിയെയും ഫുട്പാത്തിലെ കമ്പിയിൽ കുടുങ്ങിയ കുട്ടിയെയും ആശുപത്രിയിലെത്തിച്ചിരുന്നു. അമിതവേഗതയിൽ എത്തിയ വാഹനം നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.

