തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഈ ആഴ്ച അവസാനത്തോടെ ആൻഡമാൻ കടലിലും നിക്കോബാർ ദ്വീപുകളിലും എത്താൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ മേയ് 14 മുതൽ 16 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടി മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.(Kerala Weather Update Heavy Rain Yellow Alert May 14 To 16)
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെടും. തെക്കൻ കർണാടകയ്ക്ക് മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇവയുടെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
മേയ് 14-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും, മേയ് 15-ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് നിലവിലുണ്ടാകും. മേയ് 16-ന് തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും പോസ്റ്റുകൾ തകരാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
Story Summary
Southwest Monsoon is expected to reach parts of the Bay of Bengal and Andaman Sea by this weekend. IMD has predicted heavy rains in Kerala from May 14 to 16, with yellow alerts issued for several districts. Winds of 30-50 kmph and thunderstorms are also expected.

