കണ്ണൂർ: പയ്യന്നൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരണപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിൽ, ശസ്ത്രക്രിയയും ജനറൽ അനസ്തീഷ്യയും ആവശ്യമില്ലായിരുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (Payyannur hospital child death case updates) കേരള ഘടകം. ഒരു രോഗിക്ക് ശസ്ത്രക്രിയ ആവശ്യമുണ്ടായിരുന്നോ, ഏത് രീതിയിലാണ് കൃത്യമായ ചികിത്സ നൽകേണ്ടിയിരുന്നത്, ജനറൽ അനസ്തീഷ്യ (General Anesthesia) നൽകണമായിരുന്നോ തുടങ്ങിയ കാര്യങ്ങളെല്ലാം രോഗിയെ നേരിട്ട് പരിശോധിച്ച് ആ സമയത്തെ ക്ലിനിക്കൽ സാഹചര്യം വിലയിരുത്തി ശസ്ത്രക്രിയാ വിദഗ്ധർ മാത്രം എടുക്കുന്ന തികച്ചും പ്രൊഫഷണലായ തീരുമാനങ്ങളാണെന്ന് ഐ.എം.എ വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത കുട്ടികളിൽ, പ്രത്യേകിച്ച് മുഖത്തുണ്ടാകുന്ന ആഴത്തിലുള്ള മുറിവുകൾ വരുംകാലങ്ങളിൽ വലിയ രൂപവൈകല്യങ്ങൾ ഉണ്ടാക്കാതിരിക്കാൻ അവ കൃത്യമായി തുന്നിച്ചേർക്കേണ്ടതുണ്ട്. ഇത്തരം ചികിത്സകൾ സുരക്ഷിതമാക്കുന്നതിന് കുട്ടികൾക്ക് ജനറൽ അനസ്തീഷ്യ നൽകുന്നത് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട സാധാരണ ചികിത്സാരീതിയാണ്. പരിക്കേറ്റ സമയത്ത് കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാനും, അനുഭവപ്പെടാനിടയുള്ള കടുത്ത വേദന ഒഴിവാക്കാനും, ബോധത്തോടെയിരിക്കുമ്പോൾ കുട്ടികളിലുണ്ടാകുന്ന അനാവശ്യമായ ചലനങ്ങൾ തടയാനുമാണ് ഇത്തരം സാഹചര്യങ്ങളിൽ ജനറൽ അനസ്തീഷ്യ ഉപയോഗിക്കുന്നത്. പരിക്കിന്റെ തീവ്രത, കുട്ടിയുടെ പ്രായം, മാനസികാവസ്ഥ എന്നിവ പരിഗണിച്ച് വിദഗ്ധർക്ക് മാത്രമേ ഇതിൽ ശരിയായ തീരുമാനമെടുക്കാൻ കഴിയൂ എന്നും ഐ.എം.എ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
ആധുനിക വൈദ്യശാസ്ത്രം ഏറെ മുന്നേറിയെങ്കിലും ചികിത്സാ നടപടികൾക്കിടയിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപൂർവ്വ സങ്കീർണ്ണതകൾ (Clinical Complications) നൂറു ശതമാനം ഒഴിവാക്കാനാകില്ല. ഒരു ചികിത്സയ്ക്കിടെ പ്രതികൂലമായ ഫലമോ മരണമോ ഉണ്ടായെന്ന കാരണത്താൽ മാത്രം ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ച് അതിനെ ചികിത്സാപിഴവായി (Medical Negligence) മുദ്രകുത്തുന്നത് ശരിയല്ല. സംഭവത്തിൽ ഔദ്യോഗികമായ വിശദമായ അന്വേഷണവും വിദഗ്ധ മെഡിക്കൽ സമിതിയുടെ പരിശോധനയും പൂർത്തിയാകുന്നതിന് മുൻപ് മാധ്യമ വിചാരണകൾ നടത്തി ഡോക്ടർമാരെ പ്രതിക്കൂട്ടിലാക്കരുതെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം. എൻ. മേനോനും സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രനും സംയുക്ത പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.
Story Summary: The Indian Medical Association (IMA) Kerala chapter dismissed allegations surrounding the tragic death of a child during treatment in Payyannur, Kannur. The IMA clarified that using general anesthesia for repairing facial wounds in children is a globally accepted medical standard to prevent pain, movement, and future disfigurement. State President Dr. M.N. Menon and Secretary Dr. Roy R. Chandran urged against media trials before the official expert committee completes its probe, stating unexpected clinical complications cannot always be equated with medical negligence.


