പത്തനംതിട്ട: കോന്നിയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിച്ച സംഭവത്തിൽ ഖേദപ്രകടനവുമായി സി.പി.എം പ്രവർത്തകനായ ദാസ് പി. ജോർജ്. മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത് തെറ്റായിപ്പോയെന്നും അന്നത്തെ ആവേശത്തിൽ ചോദിച്ചുപോയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയൻ്റെ വലിയ ആരാധകനാണെന്നും ദാസ് കൂട്ടിച്ചേർത്തു.(It was wrong, CPM worker who asked question to CM )
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് സദസ്സിലിരുന്ന ദാസ് പി. ജോർജ് ‘സി.എമ്മേ ഒരു ചോദ്യം’ എന്ന് വിളിച്ചുചോദിച്ചത്. ഇതിന് “അത് വീട്ടിൽ പോയി ചോദിച്ചാൽ മതി” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഈ മറുപടി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു.
വികസന പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ ഫണ്ട് തടഞ്ഞുവെച്ചിരിക്കുന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന പദ്ധതികൾക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് അറിയാനാണ് താൻ ശ്രമിച്ചതെന്ന് ദാസ് വിശദീകരിച്ചു. മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അത് തടസ്സപ്പെടുത്താൻ പാടില്ലായിരുന്നു. ചെയ്തത് തെറ്റാണ്. വികസന കാര്യത്തിൽ അദ്ദേഹത്തിനുള്ള അറിവ് വലുതാണ്. ആ ആവേശത്തിൽ ചോദിച്ചുപോയതാണ്, അല്ലാതെ മറ്റ് ഉദ്ദേശങ്ങളൊന്നുമില്ല, ദാസ് പി. ജോർജ് വ്യക്തമാക്കി.

