തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി. മാസങ്ങൾ നീണ്ടുനിന്ന ഉയർന്ന നിരക്കുകൾക്ക് ശേഷം സ്വർണ്ണവില ഒരു ലക്ഷം രൂപയിൽ താഴെയെത്തി. ഇന്ന് രാവിലെ മുതൽ മണിക്കൂറുകൾക്കുള്ളിൽ ഗ്രാമിന് 940 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 12,435 രൂപയായി താഴ്ന്നു.(Huge drop in gold price in Kerala, price below one lakh rupees)
ഇന്ന് ഉച്ചയോടെയുള്ള കണക്കുകൾ പ്രകാരം ഒരു പവൻ സ്വർണ്ണത്തിന്റെ വില 99,480 രൂപയിലെത്തി. ഒറ്റ ദിവസം കൊണ്ട് ഒരു പവൻ സ്വർണ്ണത്തിന് 7,560 രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വർണ്ണത്തിന്റെ നിരക്കാണിത്.
കഴിഞ്ഞ ജനുവരി 4-നായിരുന്നു ഇതിനുമുൻപ് സ്വർണ്ണവില ഒരു ലക്ഷത്തിന് താഴെ അവസാനമായി രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും സാമ്പത്തിക സാഹചര്യങ്ങളുമാണ് പെട്ടെന്നുള്ള ഈ വിലയിടിവിന് കാരണമായി വിലയിരുത്തപ്പെടുന്നത്. സ്വർണ്ണവില കുത്തനെ കുറഞ്ഞത് വിവാഹ സീസണിൽ ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.

