Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKerala'G സുധാകരൻ അണയാൻ പോകുന്ന തീ, ഒരു സഖാവും കൂടെ നിൽക്കില്ല':...

‘G സുധാകരൻ അണയാൻ പോകുന്ന തീ, ഒരു സഖാവും കൂടെ നിൽക്കില്ല’: സജി ചെറിയാൻ | G Sudhakaran

🎙️ Latest Podcast

ആലപ്പുഴ: അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെതിരെ രൂക്ഷമായ പരിഹാസവുമായി മന്ത്രി സജി ചെറിയാൻ. ജി. സുധാകരൻ എന്നത് ‘അണയാൻ പോകുന്ന തീ’ ആണെന്നും അണയാൻ പോകുന്ന തീ അവസാനമായി ആളിക്കത്തുകയാണെന്നും സജി ചെറിയാൻ പരിഹസിച്ചു. രാഷ്ട്രീയ വഞ്ചന കാണിച്ച പുകഞ്ഞകൊള്ളികൾക്ക് പുറത്താണ് സ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(G Sudhakaran is a fire that is about to go out, says Saji Cherian)

പാർട്ടിയെ വെല്ലുവിളിച്ച് ആര് വന്നാലും ആലപ്പുഴയിലെ ഒരു സഖാവും അവർക്കൊപ്പം നിൽക്കില്ലെന്ന് സജി ചെറിയാൻ വ്യക്തമാക്കി. യു.ഡി.എഫ് തൊപ്പി തലയിൽ വെച്ചതോടെ സുധാകരന്റെ രാഷ്ട്രീയ അധ്യായം അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയിൽ എൽ.ഡി.എഫ് മികച്ച വിജയം നേടുമെന്നും സുധാകരന്റെ രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മറുപടിയായിരിക്കും അവിടുത്തെ തെരഞ്ഞെടുപ്പ് ഫലമെന്നും സജി ചെറിയാൻ അവകാശപ്പെട്ടു.

ജി. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിവാദ പരാമർശത്തെ സജി ചെറിയാൻ പൂർണ്ണമായും ന്യായീകരിച്ചു. ജി. സുധാകരനെ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത വ്യക്തിയാണ് പിണറായി വിജയൻ. അതുകൊണ്ട് തന്നെ അദ്ദേഹം നടത്തിയ പരാമർശങ്ങൾ അങ്ങേയറ്റം വേദനയോടെ ചങ്കിൽ തട്ടി പറഞ്ഞതാണെന്ന് സജി ചെറിയാൻ വിശദീകരിച്ചു. വികസന പ്രവർത്തനങ്ങൾ ഏതെങ്കിലും വ്യക്തിയുടെ മാത്രം ക്രെഡിറ്റല്ല. സുധാകരൻ മന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ വികസനങ്ങൾ സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണ്. നല്ല റോഡുകളും പാലങ്ങളും ഉണ്ടായത് സർക്കാരിന്റെ കൂട്ടായ പ്രവർത്തനത്തിലൂടെയാണെന്നും അതിൽ വ്യക്തിപരമായ ഇമേജ് ഉണ്ടാക്കേണ്ടതില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.