തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ രോഗികളെ മാറ്റിയത് കൃത്യമായ ജീവൻരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയാണെന്ന് ആശുപത്രി അധികൃതർ. വിവിധ വകുപ്പ് മേധാവികൾ നൽകിയ വിശദമായ റിപ്പോർട്ട് ആശുപത്രി സൂപ്രണ്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി.(Fire at Thiruvananthapuram Medical College, Report says patients were transferred after ensuring life-saving measures)
തീപിടുത്തമുണ്ടായ ദിവസവും തൊട്ടടുത്ത ദിവസവുമായി മൾട്ടി സ്പെഷ്യാലിറ്റി വിഭാഗത്തിലെ സർജിക്കൽ, ട്രോമ ഐസിയുകളിൽ അഞ്ച് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മരിച്ച അഞ്ച് പേരുടെയും നില നേരത്തെ തന്നെ അതീവ ഗുരുതരമായിരുന്നുവെന്നും പരിക്കുകൾ വഷളായതാണ് മരണകാരണമെന്നുമാണ് പ്രാഥമിക നിഗമനം.
വെന്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗികളെ മാറ്റുന്ന സമയത്ത് ജീവൻ രക്ഷാ സംവിധാനങ്ങൾ കൃത്യമായി നൽകിയിരുന്നു. രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട ഒമ്പത് ജീവനക്കാർക്കും ആവശ്യമായ ചികിത്സ നൽകിയതായി മേധാവികൾ അറിയിച്ചു.
തീപിടുത്തത്തെത്തുടർന്നുണ്ടായ മരണങ്ങളിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു.

