Times Kerala

 എല്ലാ ഗ്രാമീണ ഭവനങ്ങളിലും രണ്ടു വര്‍ഷത്തിനുള്ളില്‍ കുടിവെള്ളമെത്തിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

 
 എല്ലാ വീട്ടിലും ശുദ്ധജലം എത്തിക്കുക ലക്ഷ്യം; മന്ത്രി റോഷി അഗസ്റ്റിന്‍
 സംസ്ഥാനത്തെ എല്ലാ ഗ്രാമീണഭവനങ്ങളിലും രണ്ടു വര്‍ഷത്തിനുള്ളില്‍ ടാപ്പില്‍ കുടിവെള്ളമെത്തിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.  സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം സീതത്തോട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോന്നി നിയോജകമണ്ഡലത്തിലെ സീതത്തോട് ഗ്രാമപഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടി വെള്ള കണക്ഷനുകള്‍ നല്‍കുന്നതിനായി നബാഡ്  ജലജീവന്‍ മിഷന്‍ വഴി 198.70 കോടി രൂപ യുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. സീതത്തോട് പഞ്ചായത്തിലെ 5922 കുടുംബങ്ങളിലേക്കും ശബരിമലയിലെ അയ്യപ്പഭക്തര്‍ക്കുമായി നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭിക്കുന്ന പദ്ധതിയാണിത്. പദ്ധതി പൂര്‍ത്തീകരണത്തോടെ സീതത്തോട് പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുന്നതാണ്.
                കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന താത്പര്യം ഒരു പ്രധാനഘടകമാണ്. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇച്ഛാശക്തിയുള്ള ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകളുടെ ഫലമായാണ് കേരളം ഇന്ന് രാജ്യത്ത് ഒന്നമതായിരിക്കുന്നത്. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടമാണിത്.  സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ വികസനപ്രവര്‍ത്തനങ്ങള്‍ ആണ് കോന്നി മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഈ സര്‍ക്കാര്‍ അധികാരത്തിലേറെ മുന്‍പ് 17 ലക്ഷം ഗ്രാമീണ കുടുംബങ്ങളിലാണ് കുടിവെള്ള കണക്ഷന്‍ ലഭിച്ചിട്ടുണ്ടായിരുന്നത്. രണ്ടര വര്‍ഷം കൊണ്ട് 18 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. 42,000 കോടി രൂപയുടെ വികസന പ്രവര്‍ത്തികള്‍ക്കാണ് ജലവിഭവ വകുപ്പിന് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ജനങ്ങളുടെ ഏറ്റവും അടിസ്ഥാനമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
                 അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ എ ഷിബു, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി, വൈസ് പ്രസിഡന്റ്  പി.എസ് സുജ,  സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആര്‍ പ്രമോദ്, വൈസ് പ്രസിഡന്റ്  ബീന മുഹമ്മദ് റാഫി, സിനിമാ താരങ്ങളായ സുധീഷ് സുധി, ദര്‍ശന എസ് നായര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story