എയർ ആംബുലൻസ് കൊച്ചിയിൽ എത്തി : ഷിബുവിൻ്റെ ഹൃദയം ദുർഗയ്ക്ക് പുതുജീവൻ നൽകും | Heart

നാല് മിനിറ്റിൽ ആശുപത്രിയിലേക്ക്
എയർ ആംബുലൻസ് കൊച്ചിയിൽ എത്തി : ഷിബുവിൻ്റെ ഹൃദയം ദുർഗയ്ക്ക് പുതുജീവൻ നൽകും | Heart
Updated on

കൊച്ചി: മസ്തിഷ്‌കമരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയം വഹിച്ചുകൊണ്ടുള്ള എയർ ആംബുലൻസ് കൊച്ചിയിലെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എയർ ആംബുലൻസ് വഴി എത്തിച്ച ഹൃദയം, മിനിറ്റുകൾക്കുള്ളിൽ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഏറെക്കാലമായി ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കേരളത്തിൽ കാത്തിരിക്കുന്ന നേപ്പാൾ സ്വദേശിനി ദുർഗ കാമിയിലാണ് (23) ഹൃദയം മാറ്റിവെയ്ക്കുന്നത്.(Air ambulance arrives in Kochi, Shibu's heart will give new life to Durga)

തിരുവനന്തപുരത്തുനിന്ന് ഹൃദയവുമായി പുറപ്പെട്ട എയർ ആംബുലൻസ് കൊച്ചിയിലെ സ്വകാര്യ ഹോട്ടൽ ഹെലിപാഡിലാണ് ഇറങ്ങിയത്. തുടർന്ന് പോലീസ് ഒരുക്കിയ ഗ്രീൻ ചാനലിലൂടെ ഹൈക്കോടതി ജംഗ്ഷൻ, മേനക വഴി വെറും നാല് മിനിറ്റുകൊണ്ട് ഹൃദയം ജനറൽ ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയയ്ക്കുള്ള എല്ലാ സജ്ജീകരണങ്ങളും ആശുപത്രിയിൽ നേരത്തെ തന്നെ പൂർത്തിയായിരുന്നു.

'ഹൈപ്പർ ട്രോഫിക് കാർഡിയോ മയോപ്പതി' എന്ന ഗുരുതരമായ ഹൃദയരോഗം ബാധിച്ചാണ് ദുർഗ കേരളത്തിൽ ചികിത്സ തേടിയെത്തിയത്. ഹൃദയഭിത്തികൾക്ക് കനം കൂടുന്ന ഈ അവസ്ഥയിൽ ഹൃദയം മാറ്റിവെക്കുക മാത്രമായിരുന്നു ഏക പോംവഴി. സ്വകാര്യ ആശുപത്രികളിലെ ഭാരിച്ച ചികിത്സാചെലവ് താങ്ങാനാവാത്തതിനെ തുടർന്നാണ് ദുർഗ ജനറൽ ആശുപത്രിയെ സമീപിച്ചത്. വിദേശ പൗരയായതിനാൽ അവയവദാന മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്നതിന് നിയമതടസ്സങ്ങൾ നേരിട്ടിരുന്നെങ്കിലും ഹൈക്കോടതി ഇടപെടലിലൂടെ ഇളവ് അനുവദിക്കുകയായിരുന്നു. മാസങ്ങളോളമുള്ള കാത്തിരിപ്പിനൊടുവിലാണ് ദുർഗയ്ക്ക് അനുയോജ്യമായ ദാതാവിനെ ലഭിച്ചത്.

ഡോ. ജോർജ് വാളൂരാന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി ഷിബുവിന്റെ ഹൃദയം ശേഖരിച്ചത്. ഡോ. ജോർജ് വാളൂരാൻ, ഡോ. ജിയോ പോൾ, ഡോ. രാഹുൽ, ഡോ. പോൾ, ഡോ. വിജോ എന്നിവരുടെ നേതൃത്വത്തിലാണ് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com