

ആലപ്പുഴ : മാവേലിക്കരയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് മരണം സംഭവിച്ചത്. ചികിത്സയിൽ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.(Woman dies during surgery at hospital in Mavelikkara, family allege medical negligence)
ശസ്ത്രക്രിയയ്ക്കിടെയുണ്ടായ സങ്കീർണ്ണതകൾ കൈകാര്യം ചെയ്യുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയെന്നും അവർ കുറ്റപ്പെടുത്തി. അതേസമയം, ചികിത്സാ പിഴവ് എന്ന ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. കീ-ഹോൾ ശസ്ത്രക്രിയയ്ക്കാണ് ബന്ധുക്കൾ സമ്മതപത്രം നൽകിയിരുന്നത്. എന്നാൽ ശസ്ത്രക്രിയ തുടങ്ങിയപ്പോൾ രക്തക്കുഴലിൽ പെട്ടെന്ന് രക്തസ്രാവം ഉണ്ടായി.
രക്തസ്രാവം നിയന്ത്രിക്കാനായി ഉടൻ തന്നെ ഓപ്പൺ സർജറിക്ക് വിധേയയാക്കി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെങ്കിലും പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നും ചികിത്സയിൽ മറ്റ് വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.