'ഫെബ്രുവരിയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തും, പുതിയ കേരളത്തെ അവതരിപ്പിക്കും, UDF അടിത്തറ വിപുലീകരിക്കും, സീറ്റ് ചർച്ചകൾ ഉടൻ': VD സതീശൻ | UDF
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്നും ഫെബ്രുവരിയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭാ സീറ്റ് ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(UDF base will expand, seat sharing talks will begin soon, says VD Satheesan)
ഇപ്പോൾ കാണുന്ന യുഡിഎഫ് ആയിരിക്കില്ല നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ഉണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു. "പതിറ്റാണ്ടുകളായി ഇടതുപക്ഷത്തെ പിന്തുണച്ചിരുന്നവർ യുഡിഎഫിലേക്ക് എത്തും. അടിത്തറ വിപുലീകരണം എന്നാൽ രാഷ്ട്രീയ പാർട്ടികളെ കൂട്ടിച്ചേർക്കൽ മാത്രമല്ല," വി.ഡി. സതീശൻ വ്യക്തമാക്കി. സികെ ജാനുവിൻ്റെയും പി.വി. അൻവറിൻ്റെയും പാർട്ടികളെ യുഡിഎഫിന്റെ അസോസിയേറ്റ് മെമ്പർമാരായി അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു.
സിപിഎം അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. തോൽവി ഭയന്നുള്ള ആക്രമണങ്ങൾ ജനങ്ങളെ പാർട്ടിയിൽ നിന്ന് കൂടുതൽ അകറ്റും. സർക്കാർ സഹകരണ ബാങ്കുകളിൽ നിന്ന് 10,000 കോടി രൂപ കടമെടുക്കാൻ തീരുമാനിച്ചത് സഹകരണ മേഖലയെ തകർക്കും. ബലമായി പണം വാങ്ങാനുള്ള നീക്കം നിരുപാധിക പിന്തുണ എന്ന പേരിൽ ജനങ്ങളെ കബളിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
ആരുമായും ചർച്ചയ്ക്ക് യുഡിഎഫ് പോകുന്നില്ല, ഇങ്ങോട്ട് വന്നവരുമായി മാത്രമാണ് ചർച്ച. ബിജെപിയുമായോ സിപിഎമ്മുമായോ സഹകരിക്കേണ്ട കാര്യമില്ല. മുനമ്പത്ത് ബിജെപി കത്തിച്ച തീ ആളിപ്പടരാൻ സിപിഎം ഊതിക്കൊടുത്തു. സികെ ജാനുവിന്റെ വരവിനെ മുത്തങ്ങ സംഭവവുമായി ബന്ധിപ്പിക്കേണ്ടതില്ല. അത് അന്നത്തെ സാഹചര്യത്തിൽ സംഭവിച്ചുപോയതാണ്. വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോൺഗ്രസ് മെമ്പർഷിപ്പുമായി ബന്ധപ്പെട്ട വാർത്തകൾ അദ്ദേഹം നിഷേധിച്ചു. സർക്കാരിനെതിരായ ജനരോഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും യുഡിഎഫ് തിളക്കമാർന്ന വിജയം നേടുമെന്നും വി.ഡി. സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
