തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഫേസ്ബുക്കിലൂടെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടി പറയുന്ന മന്ത്രിയുടെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പോസ്റ്റ്. “ഇപ്പോഴേ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രീ” എന്നാണ് രാഹുൽ ഇതിന് അടിക്കുറിപ്പ് നൽകിയത്.( Don’t be emotional like this, Rahul Mamkootathil mocks KB Ganesh Kumar)
രാഹുൽ പങ്കുവെച്ച വീഡിയോയിൽ ഗണേഷ് കുമാർ രാഹുലിന്റെ രാഷ്ട്രീയത്തെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. വ്യക്തിപരമായ കാര്യങ്ങളും രാഷ്ട്രീയവും തമ്മിൽ എന്ത് ബന്ധമാണെന്ന് മന്ത്രി ചോദിക്കുന്നു. തനിക്ക് പ്രണയമുണ്ടെന്നും അത് തുടരുമെന്നും, വട്ടുള്ളവർ പൊലീസിനെ സമീപിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു മേനോൻ മാധ്യമങ്ങൾക്ക് മുൻപിൽ നടത്തിയ വെളിപ്പെടുത്തലുകൾ വിഷയത്തെ കൂടുതൽ ഗൗരവത്തിലാക്കി. വാളകത്തെ വീട്ടിൽ മന്ത്രിയെ മോശമായ സാഹചര്യത്തിൽ താൻ കണ്ടുവെന്നും അതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അവർ പറഞ്ഞു.

