ഇന്ത്യയുടെ സാങ്കേതിക മികവിന്റെ കഥകൾ ഇന്ന് ഹൈടെക് സിറ്റികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. മറിച്ചത് സാങ്കേതികവിദ്യ സുലഭമല്ലാത്ത ചെറു ഗ്രാമങ്ങളിലേക്കും വിദൂര പ്രദേശങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നവയാണ്. യുപിഐ വഴിയുള്ള പണമിടപാടുകൾ മുതൽ കുറഞ്ഞ നിരക്കിലുള്ള ഇന്റർനെറ്റും ഡിജിറ്റൽ സാക്ഷരതയുമൊക്കെ ഇന്ത്യയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്നു. ഇതിനുദാഹരണമാണ് ഗ്രാമങ്ങളിലെ ചെറു കടകളിൽ പോലും ലഭ്യമായിട്ടുള്ള യുപിഐ സംവിധാനം. ഗ്രാമങ്ങളിൽ നിന്ന് ആഗോളതലത്തിലേക്ക് ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവം വളർന്നിരിക്കുന്നു. ഈ സാങ്കേതിക കരുത്ത് ഒരു പുതിയ തലമുറയെ ആത്മവിശ്വാസത്തോടെ സ്വപ്നം കാണാനും ലോകത്തിന് മുന്നിൽ തങ്ങളുടെ കഴിവുകൾ തെളിയിക്കാനും പ്രാപ്തരാക്കുന്നു. ഗ്രാമീണ സംരംഭകരും കർഷകരും ഇന്ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി തങ്ങളുടെ ഉൽപ്പന്നങ്ങൾ ലോകവിപണിയിൽ എത്തിക്കുന്നു. ഇതുവഴി സാങ്കേതിക വിദ്യ എങ്ങനെ ഒരു ജനതയുടെ വളർച്ചയ്ക്ക് വഴി തെളിക്കുന്നു എന്ന നമുക്ക് കാണാൻ സാധിക്കും. ഓരോ വിരൽത്തുമ്പിലും വിരിയുന്ന ഈ വിപ്ലവം നവഭാരതത്തിന്റെ കരുത്താണ്.
ഇന്ത്യയുടെ ഡിജിറ്റൽ വികസനത്തിലേക്ക് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മഹത്തായ സംഭാവനയാണ് കെഫോൺ അഥവാ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്. എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച കെഫോൺ പദ്ധതി, ഡിജിറ്റൽ വിഭജനം കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. പിന്നാക്ക വിഭാഗങ്ങളിലെ പതിനായിരത്തിലധികം കുടുംബങ്ങൾക്ക് ഇതിനോടകം സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാൻ കെഫോണിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, ഭരണം തുടങ്ങിയവയെല്ലാം ഒരുപോലെ മുന്നോട്ടു കൊണ്ടുപോകേണ്ടത് അനിവാര്യമായി മാറിയ ഈ കാലഘട്ടത്തിൽ അതിവേഗ ഇന്റർനെറ്റിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഗാർഹിക കണക്ഷനുകൾ മാത്രമായി ഒതുങ്ങാതെ ആദ്യ ഘട്ടത്തിൽ തന്നെ സർക്കാർ സ്ഥാപനങ്ങളിലും കെഫോൺ കണക്ഷനുകൾ നൽകാനായിട്ടുണ്ട്.
ഇന്റർനെറ്റ് പെനട്രേഷൻ കൂടുതലുള്ള സംസ്ഥാനമായിട്ടും കേരളത്തിലെ ഉൾനാടൻ പ്രദേശങ്ങളിൽ ഡിജിറ്റൽ വിഭജനം വലിയൊരു വെല്ലുവിളിയായിരുന്നു. ഇത്തരത്തിലുള്ള ഡിജിറ്റൽ ഡിവൈഡ് സമ്പൂർണ ഡിജിറ്റൽ സാക്ഷര കേരളം എന്ന ലക്ഷ്യത്തിന് വിലങ്ങുതടിയായ സാഹചര്യത്തിൽ, ഈ പ്രതിസന്ധി പരിഹരിച്ച് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യം കൈവരിക്കാനാണ് കേരള സർക്കാർ കെഫോൺ വഴി ശ്രമിക്കുന്നത്. ഇന്റർനെറ്റ് പൗരന്റെ അവകാശമായി പ്രഖ്യാപിച്ചുകൊണ്ട്, ഗ്രാമ-നഗര ഭേദമന്യേ എല്ലാവർക്കും അതിവേഗ ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റി ഉറപ്പാക്കുകയാണ് കെഫോണിന്റെ ലക്ഷ്യം. കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിലൂടെ, സാമൂഹിക-സാമ്പത്തിക വ്യത്യാസങ്ങളെ മറികടന്ന് എല്ലാ വിഭാഗങ്ങളിലുമുള്ള കുടുംബങ്ങൾക്കായി അറിവിന്റെയും ഡിജിറ്റൽ സേവനങ്ങളുടെയും ലോകം ഓരോ വീടുകളിലും എത്തിക്കുന്നതിൽ കെഫോൺ മുന്നേറ്റം തുടരുന്നു. 1,58,000 ത്തിലധികം കണക്ഷനുകൾ നൽകി മുന്നേറുന്ന കെഫോൺ 2026 അവസാനത്തോടെ രണ്ടര ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. 2023 ൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ച കെഫോൺ പദ്ധതി വഴി ഈ ചുരുങ്ങിയ കാലയളവിൽ ഇത്രത്തോളം കണക്ഷനുകൾ നൽകാനായത് വളരെ അഭിമാനകരമായ നേട്ടമാണ്. കൂടാതെ ഈ മാർച്ചിൽ കെഫോണിന് മികച്ച ബ്രോഡ്ബാൻഡ് കമ്പനിയായി രാജ്യാന്തര അംഗീകാരം ലഭിച്ചു എന്നതും പ്രശംസനീയമായ മുന്നേറ്റമാണ്. ഏഷ്യൻ ടെലികോം മാഗസിൻ സംഘടിപ്പിച്ച ‘ഏഷ്യൻ ടെലികോം അവാർഡ്‌സ് 2026’-ൽ ബ്രോഡ്ബാൻഡ് ടെലികോം കമ്പനി ഓഫ് ദി ഇയർ പുരസ്‌കാരത്തിനാണ് കെഫോൺ അർഹമായത്. സ്വകാര്യ ടെലികോം കമ്പനികൾ അരങ്ങു വാഴുന്ന ഇന്ത്യൻ ടെലികോം വിപണിയിൽ, ഇന്ത്യയിലെ ആദ്യത്തെ സർക്കാർ ബ്രോഡ്ബാൻഡ് കമ്പനി ഈ നേട്ടം കരസ്ഥമാക്കിയത് കെഫോണിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവലാണ്.
ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണവും കരുത്തുറ്റ ഇൻഫ്രാസ്ട്രക്ചറുമാണ് കെഫോണിന്റെ വിജയത്തിന് ആധാരമാകുന്നത്. ആധുനിക സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ച ഇ-ഗവേണൻസ് മോഡലും ഉയർന്ന നിലവാരമുള്ള ഒപ്റ്റിക് ഫൈബർ ശൃംഖലയും തടസ്സമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കുന്നു. സാങ്കേതിക മികവിനൊപ്പം സാമൂഹിക പ്രതിബദ്ധത കൂടി ചേരുന്ന ഈ പ്രവർത്തനം കേരളത്തിന്റെ ഡിജിറ്റൽ വിപ്ലവത്തിന് കരുത്തേകുന്നു. സുതാര്യവും ലളിതവുമായ സേവനങ്ങളിലൂടെ ജനജീവിതം മെച്ചപ്പെടുത്തുന്നതിൽ ഈ പദ്ധതി നിർണ്ണായക പങ്ക് വഹിക്കുന്നു.
ഇന്റർനെറ്റ് ഒരു ലാഭവസ്തുവായി മാത്രം കാണാതെ റോഡിനും വൈദ്യുതിക്കും സമാനമായ ഒരു പൊതുസ്വത്തായി മാറ്റാനാണ് കെഫോൺ ശ്രമിക്കുന്നത്. ഈ വേറിട്ട കാഴ്ചപ്പാടിന് പൊതുജനങ്ങൾ നൽകിയ വലിയ പിന്തുണയാണ് കെഫോണിന്റെ ജനസ്വീകാര്യത. സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളെ ചേർത്തുപിടിക്കുന്നതിനൊപ്പം സ്ത്രീശാക്തീകരണത്തിനും കെഫോൺ വഴിയൊരുക്കുന്നു. ഡിജിറ്റൽ സാക്ഷരതയിലൂടെയും പുതിയ തൊഴിലവസരങ്ങളിലൂടെയും സ്ത്രീകളെ സ്വയംപര്യാപ്തരാക്കാനും സാമൂഹിക മുന്നേറ്റത്തിന്റെ ഭാഗമാക്കാനും ഈ പദ്ധതി വഴിതെളിക്കുന്നു, കൂടാതെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളെ അറിവിന്റെയും പുരോഗതിയുടെയും പുതിയ ലോകത്തേക്ക് കൈപിടിച്ചുയർത്തുകയാണ് കെഫോൺ.
കെഫോണിന്റെ അതിവേഗ വളർച്ചയ്ക്ക് കരുത്തേകുന്ന മറ്റൊരു ഘടകമാണ് പ്രാദേശിക ഓപ്പറേറ്റർമാരുടെ സേവനങ്ങൾ. സംസ്ഥാനത്തുടനീളമുള്ള മൂവായിരത്തിലധികം പ്രാദേശിക ഓപ്പറേറ്റർമാർ കെഫോണിനായി പ്രവർത്തിക്കുന്നു. തിരുവനന്തപുരം പാറശ്ശാല മുതൽ കാസർഗോഡ് വരെ നീളുന്ന വിപുലമായ ശൃംഖലയിലൂടെ, ഓരോ വീട്ടിലും കൃത്യതയോടെ സേവനങ്ങൾ എത്തിക്കാൻ ഓരോ ഓപ്പറേറ്റർമാരും നൽകുന്നത് സ്‌തുത്യർഹമായ സേവനങ്ങളാണ്. ഓരോ ഘട്ടങ്ങളായി കെഫോൺ വിജയത്തിന്റെ പടവുകൾ ചവിട്ടി കയറുകയാണ്. തുടക്കത്തിലുണ്ടായ തടസ്സങ്ങളെല്ലാം മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജമാക്കി മാറ്റിക്കൊണ്ട് ഒരു ജനതയുടെ ഡിജിറ്റൽ സ്വപ്നങ്ങൾക്ക് ചിറക് വിരിക്കുകയാണ് കെഫോൺ വഴി സർക്കാർ.
കേരളത്തിന്റെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളുടെ അടിസ്ഥാനം എന്ന് തന്നെ കെഫോണിനെ കുറിച്ച് പറയാം. കൂടാതെ കേരളത്തിന്റെ ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനവും കെഫോൺ ലക്ഷ്യമിടുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലേക്കും അതിവേഗത്തിലാണ് കെഫോണിന്റെ വ്യാപനം. ഏറ്റവും കൂടുതൽ കണക്ഷനുകൾ നൽകിയിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. 1,13000 ത്തിലധികം ഗാർഹിക കണക്ഷനുകളും 14,000 ത്തിലധികം ബിപിഎൽ കണക്ഷനുകളും ഇതുവരെ സംസ്ഥാനത്താകമാനം നൽകാൻ കെഫോണിന് സാധിച്ചിട്ടുണ്ട്.
കേവലം ഇന്റർനെറ്റ് എന്ന ലക്ഷ്യത്തിൽ മാത്രം ഒതുങ്ങാതെ വിനോദത്തിനായി ഒടിടി സേവനങ്ങളും കെഫോൺ നൽകി വരുന്നു. സാധാരണക്കാർക്കും കുറഞ്ഞ ചിലവിൽ മികച്ച വിനോദ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ കെഫോൺ ലക്ഷ്യമിടുന്നത്. 444 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകളിൽ 29 ഒടിടി പ്ലാറ്റ്‌ഫോമുകളും 350-ലധികം ഡിജിറ്റൽ ടിവി ചാനലുകളും ആസ്വദിക്കാം. 3 മാസം, 6 മാസം, 1 വർഷം തുടങ്ങിയ കാലയളവിൽ ലഭ്യമാകുന്ന പാക്കേജുകളിൽ സ്റ്റാർ, വൈബ്, വൈബ് പ്ലസ്, അമേസ്, അമേസ് പ്ലസ് എന്നീ അഞ്ച് ചാനലുകളും ലഭ്യമാണ്. ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുന്നതിനൊപ്പം ഗുണമേന്മയുള്ള വിനോദ സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനാണ് ഇതുവഴി സർക്കാർ ശ്രമിക്കുന്നത് .
ഡാര്‍ക് ഫൈബര്‍, ഫൈബര്‍ ടു ദ ഹോം, ഇന്റര്‍നെറ്റ് ലീസ് ലൈന്‍ എന്നിങ്ങനെയുള്ള മോണിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളും കെഫോൺ പദ്ധതിയിൽ ഉൾപ്പെടുന്നവയാണ്. കൂടാതെ കെഫോണിന്റെ തന്നെ ഇൻട്രാനെറ്റ് സംവിധാനവും വളരെ ജനപ്രിയമാണ്. നിരവധി സ്ഥാപനങ്ങളാണ് ഇൻട്രാനെറ്റിൻെറ ഇന്റേണല്‍ കണക്ഷനിലൂടെ വിവിധ സര്‍വീസുകള്‍ ഉപയോഗിക്കുന്നത്. 299 രൂപ മുതൽ 1499 രൂപ വരെയുള്ള പ്രതിമാസ പ്ലാനുകളാണ് കെഫോണിനുള്ളത്. മാസം 20 എംബിപിഎസിൽ 1000 ജിബിയാണ് 299 രൂപയ്ക്ക് ലഭിക്കുക. 349 രൂപയുടെ പ്ലാനിൽ 3000 ജിബി ഇൻ്റർനെറ്റ് 30 എംബിപിഎസും 399 രൂപ, 449 രൂപ, 599 രൂപ, 799 രൂപ, 999 രൂപ, 1499 രൂപ എന്നിങ്ങനെയാണ് മറ്റ് പ്ലാനുകൾ. 300 എംബിപിഎസ് വേഗതിൽ മാസം 5000 ജിബിയാണ് 1499 രൂപയ്ക്ക് ലഭിക്കുക.
നിരവധി പേരാണ് വീടുകളിലും ഓഫീസുകളിലും സ്‌കൂളുകളിലുമടക്കം കെഫോണിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന കെഫോൺ, കേരളത്തിന്റെ ഡിജിറ്റൽ വിപ്ലവത്തിന് കരുത്തേകുന്നു. വീടുകളും ഓഫീസുകളും സ്‌കൂളുകളുമടക്കം നിരവധി ഉപഭോക്താക്കൾ ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട് .
രാജ്യത്തെ തന്നെ ആദ്യത്തെ സർക്കാർ ബ്രോഡ്ബാൻഡ് സർവീസായ കെഫോൺ മറ്റു സംസ്ഥാനങ്ങളും ഉറ്റു നോക്കുന്ന പദ്ധതിയാണ്. കെഫോണിന്റെ മാതൃക പിന്തുടർന്ന് മറ്റു സംസ്ഥാനങ്ങളും തങ്ങളുടെ ജനങ്ങൾക്ക് സുതാര്യവും വേഗതയേറിയതുമായ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ ഈ പദ്ധതിയെപ്പറ്റി പഠിക്കാനായി കെഫോൺ ഓഫീസിൽ സന്ദർശനവും നടത്തിയിരുന്നു.
കൊച്ചി ഇൻഫോപാർക്കിലെ ഓപ്പറേറ്റിംഗ് സെന്ററാണ് കെഫോണിന്റെ തലച്ചോറായി പ്രവർത്തിക്കുന്നത്. കെഎസ്ഇബി സബ്‌സ്‌റ്റേഷനുകളിലെ പോയിന്റ് ഓഫ് സെന്ററുകൾ വഴിയാണ് കേരളത്തിലുടനീളം കണക്ഷനുകൾ എത്തിക്കുന്നത്. കൂടാതെ ഡാറ്റാ ട്രാഫിക് നിയന്ത്രിക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനും കെഫോൺ നടപ്പിലാക്കിയ മെറ്റാ കാഷിംഗ് വളരെ ശ്രദ്ധേയമായിരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററാണ് കെഫോണിന്റെ മറ്റൊരു പ്രത്യേകത. ഇതുവഴി ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാനും പരാതികൾക്ക് ഉടനടി പരിഹാരം കാണാനും സാധിക്കുന്നു.
തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ, വിരൽത്തുമ്പിലൂടെ വിരിയുന്ന ആധുനിക ഡിജിറ്റൽ വിപ്ലവം വെറുമൊരു സാങ്കേതിക മാറ്റമല്ല, മറിച്ച് ഭാരതത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിന്റെ അടയാളമാണ്. ഗ്രാമങ്ങളിലെ ചെറു കടകൾ മുതൽ ആഗോള വിപണികൾ വരെ നീളുന്ന ഈ ശൃംഖല, ഓരോ പൗരനെയും രാജ്യത്തിന്റെ വികസന പ്രക്രിയയിൽ നേരിട്ട് പങ്കാളിയാക്കുന്നു. ഡിജിറ്റൽ സാക്ഷരതയും കുറഞ്ഞ നിരക്കിലുള്ള ഇന്റർനെറ്റും വരുംതലമുറയ്ക്ക് നൽകുന്നത് തുല്യമായ അവസരങ്ങളാണ്. ഇത് -ഗ്രാമ-നഗര വ്യത്യാസങ്ങളില്ലാത്ത ഒരു നവഭാരതത്തിന്റെ സൃഷ്ടിക്ക് അടിത്തറ പാകുന്നു. ഇത്തരമൊരു വിപ്ലവകരമായ മാറ്റത്തിൽ പങ്കാളിയാവാൻ കെഫോണിന് സാധിച്ചു എന്നുള്ളത് എടുത്തു പറയേണ്ട നേട്ടം തന്നയാണ്.
സാങ്കേതികവിദ്യയുടെ ഈ ജനാധിപത്യവൽക്കരണം കർഷകർക്കും ചെറുകിട സംരംഭകർക്കും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഇടനിലക്കാരില്ലാതെ തങ്ങളുടെ അധ്വാനത്തിന്റെ ഫലം നേരിട്ട് അനുഭവിക്കാൻ ഇന്നവർക്ക് സാധിക്കുന്നു. വിജ്ഞാനവും വിനോദവും സേവനങ്ങളും ഒരുപോലെ ലഭ്യമാകുന്ന ഈ പദ്ധതിയിലൂടെ കേരളത്തെ രാജ്യത്തിന്റെ തന്നെ വികസന മാതൃകയായി മാറ്റുകയാണ്. സാമൂഹിക വ്യത്യസങ്ങളില്ലാതെ ഓരോരുത്തരുടെയും ജീവിതനിലവാരം ഉയർത്തുന്നതിനും ഈ ഡിജിറ്റൽ മുന്നേറ്റം വഴി സർക്കാരിന് സാധിക്കുന്നു.
ഇന്ന് നാം കാണുന്ന ഈ മാറ്റങ്ങൾ വരാനിരിക്കുന്ന വലിയൊരു മുന്നേറ്റത്തിന്റെ തുടക്കം മാത്രമാണ്. സാങ്കേതിക കരുത്തിനൊപ്പം ഓരോ പൗരന്റെയും കഠിനാധ്വാനം കൂടി ചേരുമ്പോൾ, ലോകത്തിന്റെ നെറുകയിൽ തിളങ്ങുന്ന ഒരു വികസിത സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കും. വിരൽത്തുമ്പിലെ ഈ വിപ്ലവം വരുംതലമുറകൾക്ക് പകർന്നു നൽകുന്നത് ആധുനികവും സുരക്ഷിതവുമായ ഒരു പുതുയുഗത്തിലേക്കുള്ള ചുവടുവെയ്പ്പാണ് . കൂടാതെ സാങ്കേതികവിദ്യയുടെ ഈ മാറ്റം കേരളത്തെ ആഗോള ഡിജിറ്റൽ ഭൂപടത്തിൽ അടയാളപ്പെടുത്തുമെന്നും വരുംതലമുറകൾക്ക് ഇത് കരുത്തുറ്റ അടിത്തറയാകുമെന്നും നമുക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും.
എങ്ങനെ കെഫോൺ കണക്ഷനുകൾ എടുക്കാം ?
കെഫോൺ കണക്ഷനുകൾ എടുക്കുന്നതിനായി 18005704466 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ച് കണക്ഷനുകൾക്ക് അപേക്ഷിക്കാം. കൂടാതെ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ EnteKFON ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പരും പേരും നല്‍കി രജിസ്റ്റര്‍ ചെയ്ത് കണക്ഷനായി അപേക്ഷിക്കാം. മൂന്നാമതായി www.kfon.in എന്ന കെഫോണ്‍ വെബ്സൈറ്റ് സന്ദര്‍ശിച്ച ശേഷം രജിസ്റ്റര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് സബ്സ്‌ക്രൈബര്‍ രജിസ്റ്റര്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത ശേഷം പേരും മൊബൈല്‍ ഫോണ്‍ നമ്പരും കെഎസ്ഇബി കണ്‍സ്യൂമര്‍ നമ്പര്‍, വിലാസം തുടങ്ങിയവ നല്‍കി കണക്ഷനായി അപേക്ഷിക്കാം.
കെഫോൺ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതൽ അറിയുവാൻ https://kfon.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 90616 04466 എന്ന വാട്‌സ്ആപ്പ് നമ്പരിൽ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയക്കുകയോ ചെയ്യാവുന്നതാണ്.

