HomeWorldവിദ്യാർത്ഥികളുടെ പ്രാങ്ക് കവർന്നത് അധ്യാപകന്റെ ജീവൻ; അമേരിക്കയിൽ പിക്കപ്പ് ട്രക്ക്...

വിദ്യാർത്ഥികളുടെ പ്രാങ്ക് കവർന്നത് അധ്യാപകന്റെ ജീവൻ; അമേരിക്കയിൽ പിക്കപ്പ് ട്രക്ക് കയറി അധ്യാപകന് ദാരുണാന്ത്യം | US Teacher Death Students Prank

ജോർജിയ: അമേരിക്കയിലെ ജോർജിയയിൽ വിദ്യാർത്ഥികൾ തമാശയ്ക്കായി
ചെയ്ത പ്രവർത്തി അധ്യാപകന്റെ ജീവനെടുത്തു. നോർത്ത് ഹാൾ ഹൈസ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായ ജേസൺ ഹ്യൂസ് (40) ആണ് ദാരുണമായി കൊല്ലപ്പെട്ടത് (US Teacher Death Students Prank). മാർച്ച് 5-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അധ്യാപകന്റെ വീടിന് ചുറ്റുമുള്ള മരങ്ങളിൽ ടോയ്‌ലറ്റ് പേപ്പർ കൊണ്ട് മൂടുക എന്ന വിനോദത്തിനിടെയാണ് ദുരന്തമുണ്ടായത്.

വിദ്യാർത്ഥികൾ മരങ്ങളിൽ പേപ്പർ ചുറ്റുന്നത് കണ്ട് അധ്യാപകൻ പുറത്തേക്ക് വന്നപ്പോൾ കുട്ടികൾ വാഹനങ്ങളിൽ ഓടിച്ചുപോകാൻ ശ്രമിച്ചു. ഈ ബഹളത്തിനിടയിൽ റോഡിലേക്ക് വീണ ജേസൺ ഹ്യൂസിന്റെ ശരീരത്തിലൂടെ 18 വയസ്സുകാരനായ ജെയ്ഡൻ റയാൻ വാലസ് ഓടിച്ച പിക്കപ്പ് ട്രക്ക് കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ വാഹനമോടിച്ച വിദ്യാർത്ഥിക്കെതിരെ നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു. ഒപ്പമുണ്ടായിരുന്ന മറ്റ് നാല് വിദ്യാർത്ഥികൾക്കെതിരെ അതിക്രമിച്ചു കടന്നതിനും പരിസരം മലിനമാക്കിയതിനും കേസെടുത്തിട്ടുണ്ട്. പത്ത് വർഷത്തിലേറെയായി അധ്യാപന രംഗത്തുള്ള ജേസൺ ഹ്യൂസ് വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ലോറയും ഇതേ സ്കൂളിലെ അധ്യാപികയാണ്. ജേസന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ആരംഭിച്ച ധനസമാഹരണത്തിലൂടെ ഇതിനകം 80,000 ഡോളറിലധികം (ഏകദേശം 66 ലക്ഷം രൂപ) സമാഹരിച്ചു കഴിഞ്ഞു.

Clickable Info Box