Times Kerala

 

സംസ്ഥാനത്തിന്റെ ഐ.ടി കുതിപ്പിന് കരുത്ത് പകരാന്‍ ഇന്‍ഫോപാര്‍ക്കിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാകും: മുഖ്യമന്ത്രി

 
news
 

കൊച്ചി: സംസ്ഥാനത്തിന്റെ ഐ.ടി കുതിപ്പിന് കരുത്ത് പകരാന്‍ ഇന്‍ഫോപാര്‍ക്കിന്റെ വികസപ്രവര്‍ത്തനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ ഇന്‍ഫോപാര്‍ക്ക് ഫെയ്‌സ് ടുവിലെ ജ്യോതിര്‍മയ സമുച്ചയത്തിന്റെ ആറാംനിലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ ബഹുമുഖ വികസനത്തിന് കുതിപ്പ് പകരുന്ന പുരോഗമനപ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും പുതിയ ഐ.ടി പാര്‍ക്കുകളുടെ നിര്‍മാണത്തിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. പുതുതായി സജ്ജമാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ നാടിന്റെയും പുരോഗതിക്കും ഐ.ടി വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്കും ജനങ്ങളുടെ ജീവിതനിലവാരമുയര്‍ത്താനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ ഐ.എ.എസ് സംസാരിച്ചു. ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പങ്കെടുത്തു. ഇന്‍ഫോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കുന്നത്തുനാട് എം.എല്‍.എ അഡ്വ. പി.വി ശ്രീനിജന്‍ അധ്യക്ഷനായി. വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍, വാര്‍ഡ് മെമ്പര്‍ നവാസ് മാത്രക്കാട്ട്, കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ നിസ്സാർ ഇബ്രാഹിം, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഡെവെലപ്മെന്റ്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, എൽ ഡി എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരതി, ജനപ്രതിനിധികൾ എൻ.വി.വാസു,  പൗലോസ് മുടക്കന്തല എന്നിവരും പങ്കെടുത്തു. ഇന്‍ഫോപാര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ റെജി കെ. തോമസ് സ്വാഗതവും ഇന്‍ഫോപാര്‍ക്ക് എ.ജി.എം (ബി.ഡി ആന്‍ഡ് ഓപ്പറേഷന്‍സ്) ശ്രീജിത്ത് ചന്ദ്രന്‍ നന്ദി പറഞ്ഞു. ജ്യോതിര്‍മയ സമുച്ചയത്തിന്റെ ആറാം നിലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കമ്പനികളെ ചടങ്ങില്‍ ആദരിക്കുകയും പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഭാഗമായ ലെറ്റര്‍ ഓഫ് കണ്‍സെന്റ് കൈമാറുകയും ചെയ്തു.


35,000 ചതുരശ്ര അടിയില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സൗകര്യത്തില്‍ 500 ചതുരശ്ര അടി മുതല്‍ 9,100 ചതുരശ്ര അടി ബില്‍ട്ട് അപ്പ് സ്‌പെയ്‌സുള്ള ചെറുതും വലുതുമായ വ്യത്യസ്ത സീറ്റിങ്ങ് കപ്പാസിറ്റിയുള്ള (11 സീറ്റ് മുതല്‍ 170 സീറ്റുവരെ) ഒന്‍പത് പ്ലഗ് ആന്‍ഡ് പ്ലേ ഓഫീസുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഓരോ ഓഫീസിലും വര്‍ക്ക് സ്റ്റേഷനുകള്‍, പ്രത്യേക ക്യാബിനുകള്‍, മീറ്റിങ്ങ്/ഡിസ്‌കഷന്‍ റൂമുകള്‍ എന്നിവയും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ മികച്ച സൗകര്യങ്ങളോടെ കോണ്‍ഫറന്‍സ് റൂമും പാന്‍ട്രിയും ഈ നിലയില്‍ സജ്ജമാക്കിയിട്ടുണ്ട്. രണ്ടു വിങ്ങുകളിലായി നിര്‍മിച്ച വിവിധ ഓഫീസുകളില്‍ 550 നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതിനോടകം വിവിധ കമ്പനികള്‍ ഈ ഒന്‍പത് ഓഫീസുകളിലായി പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഹെൽത്ത്ടെക്, വെബ് ഡെവലപ്മെന്റ്‌, സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ്, സോഫ്റ്റ്‌വെയർ സർവീസ്, ക്ലൗഡ് കമ്പ്യൂട്ടിങ് ടെക്നോളജി സർവീസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് ഇവിടെ പ്രവർത്തനം നടത്താൻ ഒരുങ്ങുന്നത്.


ഇന്‍ഫോപാര്‍ക്ക് ഫെയ്‌സ് ടുവില്‍ 2017ല്‍ നിര്‍മിച്ച ജ്യോതിര്‍മയ എന്ന പത്തുനില ഐ.ടി സമുച്ചയത്തില്‍ നിലവില്‍ 48 കമ്പനികളിലായി 1,900 ഐ.ടി ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. അത്യാധുനിക രീതിയിലെ ഓഫീസുകള്‍, കോണ്‍ഫറന്‍സ് റൂമുകള്‍, ഓഡിറ്റോറിയം, ബാങ്ക്, എ.ടി.എം, ഫുഡ് കോര്‍ട്ട്, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്ങ്, ഇ.വി ചാര്‍ജ്ജിങ്ങ് സ്റ്റേഷന്‍, ഹെലി പാഡ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയാണ് ജ്യോതിര്‍മയ സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. 


ഇന്‍ഫോപാര്‍ക്കിന്റെ വളര്‍ച്ചയുടെ നാഴികക്കല്ലായ വികസനപ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും കേരളത്തിന്റെ ഐ.ടി കുതിപ്പിന് ഇത് കരുത്തേകുമെന്നും ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. വ്യത്യസ്ത ഗതാഗത മാര്‍ഗ്ഗങ്ങളും മികച്ച ടാലന്റ് പൂളും, സാമൂഹിക, ഭൗതിക സാഹചര്യങ്ങളും ഇന്‍ഫോപാര്‍ക്കിലേക്ക് അന്താരാഷ്ട്ര കമ്പനികളെയടക്കം ആകര്‍ഷിക്കുന്നുണ്ട്. മികച്ച ഐ.ടി എക്കോസിസ്റ്റം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇന്‍ഫോപാര്‍ക്കില്‍ നടത്തുന്നതെന്നും ഇതിന്റെ ഭാഗമായാണ് ജ്യോതിര്‍മയ സമുച്ചയത്തില്‍ പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ ആറാം നിലയും പ്രവര്‍ത്തനക്ഷമമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related Topics

Share this story