

കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പത്തനാപുരം മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി. "പത്തനാപുരത്തല്ലാതെ ഞാൻ എവിടെ പോകാനാണ്? പത്തനാപുരത്തുകാർക്ക് ഞാനില്ലാതെ പറ്റില്ല, എനിക്ക് അവരില്ലാതെയും പറ്റില്ല" - കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പത്തനാപുരം ജനതയെ തനിക്ക് പൂർണ്ണ വിശ്വാസമാണെന്നും തന്നെ മന്ത്രിക്കസേരയിൽ എത്തിച്ചത് അവരാണെന്നും ഗണേഷ് കുമാർ ഓർമ്മിപ്പിച്ചു. കെഎസ്ആർടിസിയെ മികച്ച നിലയിലേക്ക് വളർത്തിക്കൊണ്ടുവരുമ്പോൾ അതിന്റെ അഭിമാനം പത്തനാപുരത്തുകാർക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൻ ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹം.
അതേസമയം , മന്ത്രിയുടെ ആത്മവിശ്വാസത്തിനിടയിലും പത്തനാപുരത്തെ രാഷ്ട്രീയ ചിത്രം ഇക്കുറി പ്രവചനാതീതമാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പത്തനാപുരം നിയോജക മണ്ഡല പരിധിയിൽ യുഡിഎഫ് മികച്ച മുന്നേറ്റമാണ് നടത്തിയത്. ഇത് എൽഡിഎഫ് ക്യാമ്പുകളിൽ നേരിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ തവണ കോൺഗ്രസിലെ ജ്യോതികുമാർ ചാമക്കാലയെ പരാജയപ്പെടുത്തിയാണ് ഗണേഷ് കുമാർ നിയമസഭയിലെത്തിയത്. ഇത്തവണയും മണ്ഡലത്തിൽ സജീവമായ ജ്യോതികുമാർ ചാമക്കാല തന്നെയാകും യുഡിഎഫ് സ്ഥാനാർത്ഥിയെന്നാണ് സൂചന.
രണ്ട് പതിറ്റാണ്ടിലേറെയായി ഗണേഷ് കുമാർ കൈവശം വെച്ചിരിക്കുന്ന മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫ് കരുത്തുറ്റ നീക്കങ്ങളാണ് നടത്തുന്നത്. അതിനാൽ തന്നെ കേരളം ഉറ്റുനോക്കുന്ന തീപാറുന്ന പോരാട്ടത്തിനാകും പത്തനാപുരം ഇക്കുറി സാക്ഷ്യം വഹിക്കുക.