കൊല്ലം: കൊല്ലം കോർപ്പറേഷൻ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയെച്ചൊള്ളിയുള്ള ചർച്ചകൾക്കിടെ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ നാടകീയ രംഗങ്ങൾ. മേയർ സ്ഥാനാർത്ഥിയായിരുന്ന വി.കെ. അനിരുദ്ധൻ പാർട്ടി റിപ്പോർട്ടിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു മുതിർന്ന നേതാക്കൾ തമ്മിലുള്ള വാക്പോരും ഇറങ്ങിപ്പോക്കും.
കൊല്ലം കോർപ്പറേഷനിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിയെക്കുറിച്ച് പാർട്ടി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് അവതരിപ്പിച്ചതോടെയാണ് തർക്കം തുടങ്ങിയത്. പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയതാണ് വോട്ടർമാരെ എൽഡിഎഫിൽ നിന്ന് അകറ്റിയതെന്നും തോൽവിക്ക് പ്രധാന കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ കണ്ടെത്തലിനെതിരെ വി.കെ. അനിരുദ്ധൻ യോഗത്തിൽ രൂക്ഷമായി പ്രതികരിച്ചു. നാടകവും സാമ്പശിവന്റെ കഥാപ്രസംഗവും കണ്ട് പാർട്ടിയിൽ വന്ന തനിക്ക് പ്രസ്ഥാനമാണ് എല്ലാമെന്നും വ്യക്തിപരമായ അധിക്ഷേപങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
തുടർന്ന് യോഗം ബഹിഷ്കരിച്ച് അദ്ദേഹം പുറത്തേക്ക് പോകുകയായിരുന്നു. സംസ്ഥാന സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ തന്നെയുണ്ടായ ഈ പരസ്യ പ്രതിഷേധം കൊല്ലത്തെ സിപിഎമ്മിനുള്ളിലെ വിഭാഗീയതയും അസംതൃപ്തിയും പുറത്തുകൊണ്ടുവരുന്നതാണ്. തിരഞ്ഞെടുപ്പ് തോൽവിയിൽ പ്രാദേശിക നേതൃത്വത്തിലെ ചിലർക്ക് വീഴ്ച പറ്റിയെന്ന വികാരവും യോഗത്തിൽ ഉയർന്നു.