

കോഴിക്കോട്: കക്കോടി ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു. ചേളന്നൂർ തേനാടത്ത് പറമ്പിൽ വിജീഷ് (38) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം കൈക്കലാക്കി കടന്നുകളയാൻ ശ്രമിച്ച വിജീഷിനെ ജീവനക്കാർ സംശയം തോന്നി തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ഇവർ ഉടൻ തന്നെ ചേവായൂർ പോലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തു.
പോലീസിന്റെ ചോദ്യം ചെയ്യലിൽ, ഇതിനു മുൻപും ഇതേ ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. തുടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ മുമ്പും ഇയാൾ മദ്യം മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് മോഷണക്കുറ്റം സ്ഥിരീകരിച്ചത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മദ്യമോഷ്ടാക്കൾക്കെതിരെ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.