തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഈ സീസണിലെ ആദ്യ ന്യൂനമർദ്ദത്തിന് സാധ്യത തെളിയുന്നതിനൊപ്പം കേരള തീരത്തിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Cyclonic Circulation Kerala Coast). മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.
മെയ് 11-ഓടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. നിലവിൽ മന്നാർ ഉൾക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായും, കൂടാതെ ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായും രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി മെയ് 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
മെയ് 09: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്.
മെയ് 10: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
മെയ് 11: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.
മെയ് 12: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്.
മെയ് 13: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
ഒറ്റപ്പെട്ട ശക്തമായ മഴ (24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ) ലഭിക്കാനിടയുള്ളതിനാലാണ് ഈ ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Summary: A cyclonic circulation over the Kerala coast and a potential low-pressure system in the Bay of Bengal are set to bring heavy rain, thunderstorms, and strong winds to Kerala. The IMD has issued a yellow alert for various districts until May 13, warning of isolated heavy rainfall across the state.

