കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ശ്രീനന്ദ (18) ആണ് മരിച്ചത്. മൃതദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് കൊയിലാണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.(College student found dead inside house in Koyilandy, with deep wounds including on forehead)
ഗുരുദേവ കോളേജ് വിദ്യാർത്ഥിനിയായ ശ്രീനന്ദയെ ബുധനാഴ്ച രാത്രിയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത ശേഷം കുടുംബത്തോടൊപ്പം വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. പിന്നീട് വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ശ്രീനന്ദയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെൺകുട്ടിയുടെ നെറ്റിയിലടക്കം മൂന്ന് സെന്റീമീറ്ററോളം ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

